18 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് സൗജന്യമായി കോവിഡ്-19 ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജൂലായ് 15 മുതൽ 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സൗജന്യ വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 15 മുതൽ 75 ദിവസമാണ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി വിതരണം ചെയ്യുക.
“ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് കാലിന്റെ വേളയിൽ, 2022 ജൂലൈ 15 മുതൽ അടുത്ത 75 ദിവസം വരെ, 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് തീരുമാനിച്ചു”, അനുരാഗ് താക്കൂർ പറഞ്ഞു.
ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മുൻകരുതൽ ഡോസ് നൽകിയത്. ഔദ്യോഗിക ഗവൺമെന്റ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം പേർക്കും കൊവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് നൽകിയപ്പോൾ 87 ശതമാനം ആളുകൾ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്.
Discussion about this post