ഡൽഹി: സംസ്ഥാനത്തെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. തങ്ങൾ ഇടപെട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത് എന്ന് വരുത്തി തീർക്കാനാണ് ശ്രമം.
സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രത്തിന് ഇരട്ടത്താപ്പാണ്. പദ്ധതി ഉപേക്ഷിക്കണം എന്ന് കേന്ദ്രം ഇതുവരെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടില്ല. പല വികസന പ്രവർത്തനങ്ങൾ കേരള സർക്കാർ നടത്തുമെന്ന ഭയമാണ് ബിജെപിക്കും യുഡിഎഫിനുമെന്നും ശിവൻകുട്ടി ആരോപിച്ചു.
ഡൽഹിയിൽ എത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആര്.അനിൽ, ആന്റണി രാജു എന്നീ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച അശ്വിനി വൈഷ്ണവ് ഒഴിവാക്കിയിരുന്നു. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്. എന്നാൽ റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.
Discussion about this post