ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ആഘോഷമായി മലയാളികൾക്ക് ഇന്ന് പൊന്നോണം. പൂക്കളവും പൂവിളിയുമായി തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ചും പൂജചെയ്തും കേരളത്തിലെ ഓരോ വീടുകളും അത്യുത്സാഹപൂർവ്വം ഈ വർഷം ഓണം ആഘോഷിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി മഹാമാരിയും പ്രളയവും കവർന്നെടുത്ത ഓണത്തെ ഇക്കൊല്ലം ഗംഭീരമായാണ് കേരളം കൊണ്ടാടുന്നത്. ചിങ്ങത്തിലെ അത്തം നാള് തുടങ്ങി പത്താം ദിനമാണ് തിരുവോണം.
തൃക്കാക്കര വാമനമൂർത്തിയുടെ ക്ഷേത്രത്തിൽ അത്തം നാൾ ദിവസം കൊടിയേറി ഉത്സവം നടക്കുന്നത് തിരുവോണനാളിലാണ്. ഈ ഉത്സാവഘോഷത്തിന് കേരളത്തിലെ ഓണവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം. തിരുവോണനാളിൽ തൃക്കാക്കരയിൽ നടക്കുന്ന ഓണസദ്യയിൽ പങ്കുകൊള്ളാൻ മറ്റു സംസ്ഥാനത്ത് നിന്ന് പോലും ഭക്തരെത്താറുണ്ട്. പണ്ട് കാലത്ത് കർക്കിടകത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്.
ഇപ്പോൾ ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടിയേറുന്ന ഉത്സവം തിരുവോണനാളിലെ ആറാട്ടോടുകൂടി അവസാനിക്കും.പത്ത് ദിവസങ്ങളിൽ ഭഗവാൻറെ വിഗ്രഹത്തിൽ ചാർത്തുന്ന ദശാവതാര ചാർത്ത് വളരെ പ്രശസ്തമാണ്. ക്ഷേത്ര നടയിൽ ചാണകം മെഴുകി അതിൻമേൽ വലിയ പൂക്കളിമിടുകയും തിരുവോണദിവസം കലാപരിപാടികളുണ്ടായിരിക്കുകയും ചെയ്യും. മഹാവിഷ്ണുവിൻെറ അവതാരമായ ത്രിവിക്രമൻ എന്ന പേരിലുള്ള വാമനമൂർത്തിയുടെ ജൻമദിവസമാണ് തിരുവോണം.
ഈ വാമന മൂർത്തിയുടെ സങ്കല്പത്തിലാണ് വീടുകളിലെ പൂക്കളങ്ങളിൽ സ്തൂപ രൂപത്തിലുള്ള തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും പൂജ നടത്തുകയും ചെയ്യുന്നത്. മൂന്നടി മണ്ണ് ദാനം ചോദിച്ച് കൊണ്ട് മഹാബലിയെ പരീക്ഷിക്കുകയായിരുന്നു വാമനമൂർത്തി. തൻറെ സർവ്വസ്വവും നഷ്ടമായി ശരീരം പോലും ഭഗവാന് ദാനം നൽകേണ്ടിവരുന്ന സമയത്തും പുഞ്ചിരിച്ചു കൊണ്ട് അതിനെ നേരിടുകയായിരുന്നു മഹാബലി. ഈ മഹാബലി ആർക്കും ജയിക്കാനാവാത്ത എൻറെ മായയെ ജയിച്ചിരിക്കുന്നു എന്നാണ് ദേവൻമാരോട് ഭഗവാൻ പറഞ്ഞത്.
ബലിയുടെ മായാ ജയം ഉറപ്പാക്കിയ ശേഷം വിശ്വകർമ്മാവിനാൽ നിർമ്മിതമായ ദേവൻമാർക്ക് പോലും അസുലഭമായ സുതലം എന്ന സുന്ദരമായ ലോകം ഭഗവാൻ മഹാബലിക്ക് ദാനം ചെയ്തു. തൻറെ മുത്തച്ഛനായ ഭക്തപ്രഹ്ളാദൻ ഉൾപ്പെടെയുള്ളവരോടോത്ത് ആ ലോകത്ത് സർവ്വ സുഖങ്ങളോടുകൂടി വാണരുളാൻ അദ്ദേഹത്തിന് ഭഗവാൻ അനുഗ്രഹവും നൽകി. ആ ലോകത്ത് മഹാബലിയുടെ കാവൽക്കാരനെന്ന പോലെ വിളിച്ചാൽ വിളിപ്പുറത്ത് താനുണ്ടാകും എന്ന് മഹാബലിക്ക് ഭഗവാൻ വാക്ക്കൊടുത്തു. മാത്രവുമല്ല സാവർണ്ണി മനുവിൻറെ കാലത്ത് ഇന്ദ്രപദവിയും മഹാബലിക്ക് വന്നു ചേരും എന്നും ഭഗവാൻ അനുഗ്രഹിച്ചു. ഭാഗവത പുരാണത്തിലെ മഹത്തായ ഈ കഥയും മഹാബലി , പ്രഹ്ളാദൻ, ശുക്രാചാര്യൻ എന്നീ ബ്രഹ്മ നിഷ്ഠരുടെ ജീവിതവുമാണ് ഓണ ആഘോഷം നമുക്ക് നൽകുന്ന സന്ദേശം.
Discussion about this post