പനജി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ എന്നിവർ ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച, മൈക്കേൽ ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. മൈക്കേൽ ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് അമോങ്കർ എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റ് എം എൽ എമാർ.
ബിജെപിയിൽ ചേർന്ന കോൺഗ്രസ് എം എൽ എമാർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും നിയമസഭാ സ്പീക്കറെയും സന്ദർശിച്ചു. 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11ഉം ബിജെപിക്ക് 20ഉം എംഎൽഎമാരാണ് ഉണ്ടായിരുന്നത്. നിലവിൽ ബിജെപിയുടെ അംഗസംഖ്യ 28ഉം കോൺഗ്രസിന്റേത് മൂന്നുമാണ്. ആകെയുള്ള എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേർ ഒരുമിച്ച് എടുത്ത തീരുമാനമാകയാൽ ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാനാവില്ല.
സംസ്ഥാനത്തെ എട്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനാവാഡെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടയിലെ എം എൽ എമാരുടെ കൂറുമാറ്റം രാഹുൽ ഗാന്ധിക്ക് കനത്ത പ്രഹരമായി. പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും രാഹുലിനെ കൊണ്ടു വരാനുള്ള തന്ത്രത്തിന്റെ ഭാഗം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്ന ഭാരത് ജോഡോ യാത്ര ഉദ്ദേശിച്ചതിന്റെ വിപരീത ഫലമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന വിമർശനം ഇതിനോടകം തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉന്നയിച്ചു കഴിഞ്ഞു.








