ഡൽഹി: ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടെക് ഭീമൻ ആപ്പിൾ. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ സാധിക്കുന്നത് അത്യന്തം ആവേശകരമാണെന്ന് ആപ്പിൾ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണുകൾ ഈ വർഷം തന്നെ വിപണിയിൽ ഇറങ്ങും. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിസ്ട്രോൺ, ഫോക്സ്കോൺ, പെഗാട്രോൺ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സെപ്റ്റംബർ 7നാണ് ആപ്പിൾ ഐഫോൺ 14ഉം ഐഫോൺ 14 പ്ലസും അവതരിപ്പിച്ചത്. ഐഫോൺ 14ന് 799 ഡോളറും ഐഫോൺ 14 പ്ലസിന് 899 ഡോളറുമാണ് വില.
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പി എൽ ഐ സ്കീമിന്റെ ഭാഗമായാണ് ആപ്പിൾ ഉൾപ്പെടെയുള്ള ആഗോള കമ്പനികൾ ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ചത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഗാഡ്ജെറ്റുകളുടെയും മറ്റ് ഉത്പന്നങ്ങളുടേയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇറക്കുമതി കുറച്ച്, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും ഇന്ത്യൻ വിപണിയെ ആഗോള വിതരണ ശൃംഖലയിൽ മത്സരക്ഷമാക്കുക എന്നതാണ് പി എൽ ഐ സ്കീമിന്റെ കാഴ്ചപ്പാട്.
Discussion about this post