ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് നയിച്ചത് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ അടുത്തിടെ നടത്തിയ റെയ്ഡുകളും പിടിച്ചെടുത്ത രേഖകളും. ഭീകര സംഘടനകൾ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഐഇഡി ഉണ്ടാക്കുന്ന വിധം മുതൽ ഇസ്ലാമിക് സ്‌റ്റേറ്റിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോകൾ വരെ വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
റെയ്ഡുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മിഷൻ 2047 എന്ന സിഡി ഡോക്യുമെന്റിന് പുറമേ ഐഇഡി നിർമിക്കുന്ന വിധം വിവരിക്കുന്ന രേഖകൾ പിടിച്ചെടുത്തത്.
റെയ്ഡ് നടന്ന കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച പെൻ ഡ്രൈവുകളിൽ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും അവരുടെ പ്രവർത്തന രീതിയെക്കുറിച്ചും വിവരിക്കുന്ന വീഡിയോകളും ഉണ്ടായിരുന്നു. നിരവധി ഇന്ത്യ വിരുദ്ധ രേഖകൾക്കൊപ്പം ആയിരുന്നു ഇവയും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
കഴിഞ്ഞ 22 നാണ് രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 100 ലധികം കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും ഇഡിയും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സഹകരിച്ച് റെയ്ഡ് നടത്തിയത്. 108 പോപ്പുലർ ഫ്രണ്ട് നേതാക്കളെ വിവിധയിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളിൽ പ്രാദേശിക പോലീസുകാർ നടത്തിയ റെയ്ഡിൽ 240 പേരെ പിടികൂടുകയും ചെയ്തിരുന്നു.
യുപിയിലെ ബാരാബങ്കിയിൽ നിന്നുളള പോപ്പുലർ ഫ്രണ്ട് നേതാവ് മൊഹമ്മദ് നദീമുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നാണ് ബോംബ് ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്ന രേഖകൾ പിടിച്ചെടുത്തത്. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഐഇഡികൾ നിർമിക്കാമെന്ന വിവരങ്ങളും ഇതിൽ ഉണ്ടായിരുന്നു. മുസ്ലീം സമുദായത്തിലെ യുവാക്കളെ ബ്രെയിൻവാഷ് ചെയ്യാൻ ഉദ്ദേശിച്ചുളള രേഖകളും ലഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ആസ്ഥാനത്ത് നിന്നുളളതായിരുന്നു രേഖകൾ.
സമാനമായ രേഖകൾ യുപിയിലെ ഖാദ്രയിൽ നിന്നും പിടിയിലായ അഹമ്മദ് ബെഗ് നദ് വിയുടെ വീട്ടിലെ റെയ്ഡിലും കണ്ടെത്തിയിരുന്നു. ഇവർ ഇരുവരെയും അന്നത്തെ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു.
തമിഴ്‌നാട്ടിൽ എസ്ഡിപിഐയുടെ രാംനാദ് ജില്ലാ പ്രസിഡന്റ് ബർക്കത്തുളളയുടെ വീട്ടിൽ നിന്ന് രണ്ട് സാറ്റലൈറ്റ് ഫോണുകളും പിടിച്ചെടുത്തു. ഇയാളെയും പിടികൂടിയിരുന്നു. ഇത് കൂടാതെ കത്തി ഉപയോഗിക്കുന്ന വിധവും ശാരീരിക പരിശീലനം വിവരിക്കുന്ന രേഖകളും റെയ്ഡുകളിൽ അന്വേഷണ ഏജൻസികൾ കണ്ടെടുത്തു. നേരത്തെ പത്തനാപുരത്തിന് സമീപം പോപ്പുലർ ഫ്രണ്ടുകാർ പരിശീലനത്തിന് ഉപയോഗിച്ചുവെന്ന് സംശിക്കുന്ന സ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കേരളത്തിലേത് അടക്കം രാഷ്ട്രീയ കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർക്കുളള പങ്കും അന്വേഷണ ഏജൻസികൾ വിലയിരുത്തി.
Discussion about this post