കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നരബലി. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി പത്മവും കാലടി സ്വദേശിനി റോസിലിയുമാണ് കൊല്ലപ്പെട്ടത്. കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ആളാണ് 52 കാരിയായ പത്മം. ഇവരെ സെപ്തംബർ 26 മുതൽ കാണാതായിരുന്നു.
റോസിലിക്ക് 50 വയസുണ്ടെന്നാണ് വിവരം. ഇരുവരെയും കാണാനില്ലെന്ന പരാതികളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിൽ നിന്ന് ഫോൺ സിഗ്നൽ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് എത്തിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കഷ്ണങ്ങളാക്കിയ നിലയിൽ പോലീസ് കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.
തിരുവല്ലയിലെ ദമ്പതിമാർക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ കൊച്ചി എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫി പിടിയിലായി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വൈകിട്ടോടെ പോലീസ് പുറത്തുവിടുമെന്നാണ് സൂചന.












