ന്യൂഡൽഹി: നെഹ്‌റു കുടുംബം നേതൃത്വം നൽകുന്ന എൻജിഒ സംഘടന രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശ സംഭാവനകൾ സ്വീകരിക്കാനുളള ലൈസൻസ് റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. കോൺഗ്രസിന്റെ പേരിൽ സോണിയാഗാന്ധിയും കുടുംബവും നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ 2020 ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെന്നാണ് വിവരം.
രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിദേശ സംഭാവന ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, പി ചിദംബരം എന്നിവരാണ് അംഗങ്ങൾ. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും തലപ്പത്ത് സോണിയ തന്നെയാണ്. രാഹുൽ ഗാന്ധിയും മുൻ രാജ്യസഭ എംപി അശോക് എസ് ഗാംഗുലിയുമാണ് ഇതിലെ അംഗങ്ങൾ.
ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചതിൽ ഉൾപ്പെടെ തിരിമറികൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ചൈന ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി പണം സ്വീകരിക്കുകയും കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്നും അടക്കമുളള ഗുരുതരമായ കണ്ടെത്തലുകളാണ് സമിതിയുടെ അന്വേഷണത്തിൽ ബോദ്ധ്യമായതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇഡിയിലെയും സിബിഐയിലെയും ആഭ്യന്തര, ധനമന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ അടങ്ങുന്നതായിരുന്നു സമിതി.
ലൈസൻസ് റദ്ദാക്കിയത് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചുമതലപ്പെട്ടവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിനെതിരെയും അന്വേഷണം നടന്നിരുന്നു. ക്രമക്കേടുകൾ ഗുരുതരമായതിനാൽ ഇത് സംബന്ധിച്ച തുടർ അന്വേഷണത്തിന് സിബിഐയെയും ഇഡിയെയും ചുമതലപ്പെടുത്തുമെന്നും സൂചനയുണ്ട്.










