ന്യൂഡൽഹി; ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നിലെ കാരണം ചികയുകയാണ് മാദ്ധ്യമങ്ങൾ. ഇരുവരും തമ്മിലുളള ദാമ്പത്യ ബന്ധം അവസാനിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഔദ്യോഗികമായി ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് വാർത്ത സത്യമാണെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
എന്നാൽ ഏറെ കൊട്ടിഘോഷിച്ച വിവാഹബന്ധം ഇത്തരത്തിൽ അവസാനിക്കാൻ കാരണം ചികഞ്ഞെത്തിയ മാദ്ധ്യമങ്ങൾക്ക് മുൻപിൽ ശുഐബ് മാലിക്കിന്റെ വഴിവിട്ട ബന്ധമാണ് ആദ്യമെത്തിയത്. പാക് നടി അയേഷ ഒമറുമായുളള ശുഐബിന്റെ ബന്ധമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അയേഷ ഒമർ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു.
ഒരു വർഷം മുൻപ് ശുഐബ് മാലിക്കും അയേഷ ഒമറും ഒരു ഫോട്ടോ ഷൂട്ടിൽ ഒരുമിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോട്ടോ ഷൂട്ടിന് ശേഷം ഒരു അഭിമുഖത്തിൽ അയേഷ ഒമറിനെ ശൂഐബ് മാലിക് ഏറെ പുകഴ്ത്തുകയും ചെയ്തു. ഷൂട്ടിങ് സമയത്ത് താരം തന്നെ ഒരുപാട് സഹായിച്ചുവെന്ന് ആയിരുന്നു ശുഐബിന്റെ വാക്കുകൾ. 2021 ലാണ് ഇരുവരും ഫോട്ടോ ഷൂട്ട് നടത്തിയത്.
പാകിസ്താനിലെ പ്രമുഖ യൂ ട്യൂബർ കൂടിയാണ് അയേഷ ഒമർ. പാകിസ്താനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് അയേഷ എന്നാണ് വിവരം. നിരവധി ടെലിവിഷൻ സീരിയലുകളിൽ ഉൾപ്പെടെ നായികവേഷമണിഞ്ഞിട്ടുണ്ട് താരം.
എന്നാൽ അയേഷ തന്നെയാണോ സാനിയയുമായി പിരിയാനുളള കാരണമെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ഇരുവരും തമ്മിലുളള ബന്ധം അവസാനിച്ചതായും ഇനി ഔദ്യോഗികമായ വിവാഹമോചനം മാത്രമാണ് അവശേഷിക്കുന്നതെന്നും ശൂഐബിന്റെ മാനേജ്‌മെന്റ് ടീമംഗം വെളിപ്പെടുത്തിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ സാനിയ അടുത്തിടെ ഇട്ട പോസ്റ്റുകളിലൂടെയാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടിന്റെ കഥ പുറംലോകത്ത് ചർച്ചയായത്. കഴിഞ്ഞ ദിവസവും ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2010 ലാണ് സാനിയയും ശൂഐബും വിവാഹിതരായത്. ഇവർക്ക് ഒരു മകനും ഉണ്ട്.
Discussion about this post