ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍യുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ആണ് രാവിലെ 11.30ന് റോക്കറ്റ് വിക്ഷേപണം നടന്നത്. ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയറോസ്‌പേസ് നിര്‍മ്മിച്ച വിക്രം-എസ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കുന്ന ആദ്യ റോക്കറ്റാണ്.
‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വിക്ഷേപണ ദൗത്യത്തിന് കീഴില്‍ മൂന്ന് ചെറു ഉപഗ്രഹങ്ങളെയും വഹിച്ചാണ് വിക്രം-എസ് പറന്നുയര്‍ന്നത്. 2020ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്ന് നല്‍കിയത്.
വിക്രം-എസിന്റെ വിക്ഷേപണത്തോടെ ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് പുതു ചിറകുകള്‍ നല്‍കിയ രാജ്യത്തെ ആദ്യ സ്വകാര്യ മേഖല കമ്പനിയെന്ന അഭിമാനം സ്‌കൈറൂട്ട് എയറോസ്‌പേസിനെ തേടിയെത്തിയിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് ഐഎസ്ആര്‍ഒയുമായി ചേര്‍ന്നാണ് വിക്രം-എസ് നിര്‍മ്മിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ, എന്‍-സ്‌പേസ് ടെക് ഇന്ത്യ, ബസൂംക്യു അര്‍മേനിയ എന്നീ കമ്പനികളുടെ ഉപഗ്രഹങ്ങളാണ് വിക്രം-എസ് ഭ്രമണപഥത്തില്‍ എത്തിക്കുക.
പ്രാരംഭ് ദൗത്യത്തിന്റെ ഭാഗമായ വിക്രം പരമ്പരയിലെ അടുത്ത റോക്കറ്റായ വിക്രം-1 2023ല്‍ വിക്ഷേപിക്കാനാണ് പദ്ധതി.
Discussion about this post