തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ പ്രതി ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. മുഖ്യപ്രതിക്ക് സഹായം നൽകിയ കേസിലാണ് നവ്യയ്ക്കെതിരെ കേസ്സെടുത്തത്.
കേസിലെ മുഖ്യപ്രതിയായ എം എസ് ജിതിന് കൃത്യം നിർവ്വഹിക്കാനായി സ്കൂട്ടർ എത്തിച്ചുകൊടുത്തത് നവ്യയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കൃത്യം നിർവ്വഹിച്ച ശേഷം രക്ഷപ്പെടാനും നവ്യ സഹായം നൽകിയെന്നാണ് പോലീസ് റിപ്പോർട്ട്.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയാൽ നവ്യയെ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നായിരുന്നു കോടതി നിർദേശം. നവംബർ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












