ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് ലോക ചാമ്പ്യന്മാർ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ക്രെയ്ഗ് ഗുഡ്വിൻ ഓസീസിനായി ഗോൾ നേടിയപ്പോൾ ഒലിവർ ഗിറോഡ്, അഡ്രിയെൻ റബിയോട്ട്, കൈലിയാൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ. ഗിറോഡ് ഇരട്ട ഗോൾ നേടി.
ഒൻപതാം മിനിറ്റിൽ ഗുഡ്വിൻ ഓസീസിനെ മുന്നിലെത്തിച്ചപ്പോൾ അൽ ജനൂബ് സ്റ്റേഡിയം മറ്റൊരു അട്ടിമറി മണത്തു. എന്നാൽ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ആക്രമിച്ച് കളിച്ച ലോക ചാമ്പ്യന്മാർ ഇരുപത്തിയേഴാം മിനിറ്റിൽ ഗോൾ വേട്ട ആരംഭിച്ചു. കോർണറിൽ നിന്നുമായിരുന്നു ഗോളിന്റെ പിറവി. സെക്കൻഡ് ബോൾ പിടിച്ചെടുത്ത തിയോസ് നൽകിയ പാസ് റബിയോട്ട് അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ഫ്രാൻസ് ലീഡ് നേടി. മുപ്പത്തിരണ്ടാം മിനിറ്റിൽ ഗിറോഡിന്റെ വകയായിരുന്നു ഗോൾ. അറുപത്തിയെട്ടാം മിനിറ്റിൽ സൂപ്പർ താരം എംബാപ്പെ ഓസ്ട്രേലിയയുടെ വല കുലുക്കി. വലതുവശത്ത് നിന്നും ലഭിച്ച ക്രോസ് രണ്ട് ഓസീസ് ഡിഫൻഡർമാർക്കിടയിലൂടെ ക്ലിനിക്കലായി എംബാപ്പെ വലയിലെത്തിച്ചു. എഴുപതാം മിനിറ്റിൽ ഗിറോഡ് ഫ്രാൻസിന്റെ നാലാം ഗോൾ നേടി. മനോഹരമായ ഒരു ഹെഡ്ഡറിലൂടെയായിരുന്നു ഗിറോഡിന്റെ രണ്ടാം ഗോൾ.
ആക്രമിച്ച് കളിച്ച് അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും, അവയൊന്നും കൃത്യമായി മുതലാക്കാൻ ഓസീസിനായില്ല. ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോളിന്റെ എല്ലാ ഘടകങ്ങളും ഒത്ത് വന്നപ്പോൾ, ബെൻസെമയുടെ അഭാവം മറികടക്കാൻ ഫ്രഞ്ച് പടക്ക് അക്ഷരാർത്ഥത്തിൽ സാധിച്ചു.












