കൊച്ചി∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പിതാംബരനെ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയ സംഭവത്തിൽ ജോയിന്റ് സൂപ്രണ്ട് ക്ഷമാപണം നടത്തി. വിചാരകോടതിയെ അറിയിക്കാതെയാണ് പിതാംബരനെ ജില്ലാ ആയുർവ്വേദ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
കേസിൽ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പീതാംബരൻ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ കഴിഞ്ഞ രണ്ട് തവണയും പിതാംബരൻ ഹാജരാവാതിരുന്ന സാഹചര്യത്തിലാണു വിചാരണക്കോടതി ജയിൽ അധികാരിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്.. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണു പീതാംബരനെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ ഇതൊന്നും വിചാരണക്കോടതിയെ അറിയിച്ചില്ല. പിതാംബരന് നാല്പത് ദിവസത്തെ ചികിത്സ വേണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിൻറെ നിർദേശം.
ഇതോടെ പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിൽ മാറ്റാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ അപേക്ഷയാലാണ് സിബിഐ പ്രത്യേക കോടതി ഇക്കാര്യം അനുവദിച്ചതെന്നാണ് റിപ്പോർട്ട്.
കേസിലെ മുഴുവൻ പ്രതികളെയും തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റാനാണു കോടതി അനുവാദം നൽകിയത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പീതാംബരനെ ബോർഡ് മുൻപാകെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസ് 26നു വീണ്ടും പരിഗണിക്കും.
2019 ഫെബ്രുവരി 17നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സിബിഐ കേസ്.












