കൊച്ചി: ദുരന്തകാലത്തെ അഴിമതി നടത്തുന്നതിനുള്ള മറയാക്കരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണങ്ങളില്‍ ലോകായുക്ത അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദുരിതകാലത്തെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമുള്ള മറയാക്കരുതെന്ന വിമര്‍ശനം കോടതി ഉന്നയിച്ചത്. ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ലാകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ്കാല ക്രമക്കേടുകളിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവരാണ് ഹെക്കോടതിയെ സമീപിച്ചത്.
കോവിഡ്കാലത്ത് പിപിഇ കിറ്റും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വീണ നായരാണ് ലോകായുക്തയ്ക്ക് പരാതി സമര്‍പ്പിച്ചത്. വിഷയത്തില്‍ ലോകായുക്ത മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ശൈലജയെ കൂടാതെ അന്നത്തെ ആരോഗ്യവകുുപ്പ് സെക്രട്ടറി, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ അടക്കം പതിനൊന്ന് പേര്‍ക്ക് എതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന വാദവുമായാണ് ആരോപണവിധേയര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് കോവിഡ് കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്, അതിനാല്‍ത്തന്നെ പ്രത്യേക സംരക്ഷണത്തോടെ നടന്നിരിക്കുന്ന ഈ വിഷയങ്ങളില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല എന്ന വാദങ്ങളാണ് പ്രധാനമായും ആരോപണവിധേയര്‍ ഉന്നയിച്ചത്. എന്നാല്‍ വാദങ്ങളെല്ലാം തള്ളിയ കോടതി പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അനുമതി ഉണ്ടെന്ന് വ്യക്തമാക്കി.
Discussion about this post