ന്യൂഡൽഹി: നവംബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം 11% ഉയർന്നതായി റിപ്പോർട്ട്. ഇതോടെ നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1.46 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഒമ്പതാം മാസവും 1.40 ലക്ഷം കോടി രൂപ കവിഞ്ഞു എന്നതും ജിഎസ്ടിയുടെ വളർച്ചയിലെ സ്ഥിരത വ്യക്തമാക്കുന്നു. അതേ സമയം ഒക്ടോബർ മാസത്തിൽ എക്കാലത്തെയും ഉയർന്ന കളക്ഷനായിരുന്നു ജിഎസ്ടിയിൽ രേഖപ്പെടുത്തിയത്. 1.52 ലക്ഷം കോടി രൂപയായിരുന്നു ഒക്ടോബറിലെ കളക്ഷൻ.
നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം ₹1,45,867 കോടി എന്നത് കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) ₹25,681 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) ₹32,651 കോടിയും സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ₹77,103 കോടിയുമാണ് ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 38,635 കോടി രൂപയും സെസ് 10,433 കോടി രൂപയുമാണ് (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ₹ 817 കോടി ഉൾപ്പെടെ), ജിഎസ്ടി വരുമാനത്തിലേക്ക് വന്നത്.
ജിഎസ്ടിയുടെ പ്രതിമാസ ശേഖരണം ശക്തമാണെന്നും 1.40 ലക്ഷം കോടി രൂപ എന്നത് മാറ്റമില്ലാതെ തുടരുന്നത് സാമ്പത്തിക ആരോഗ്യം ശക്തമാണെന്നാണ് തെളിയിക്കുന്നതെന്നും വിദഗ്ധർ പറഞ്ഞു . ഉത്സവ ആഘോഷങ്ങൾ കുറഞ്ഞതും, ആഗോള സാമ്പത്തിക മാന്ദ്യവുമാണ് ചേറിയ ഇടിവ് കാണിക്കുന്നതിന് കാരണം. നവംബറിലെ ശേഖരണം ഒക്ടോബറിലെ ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
9 മാസത്തെ തുടർച്ചയായി 1.4 ലക്ഷം കോടിക്ക് മുകളിലുള്ള ജിഎസ്ടി വരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഇതുവരെ മാന്ദ്യത്തിന്റെ ഫലമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഇവൈ ഇന്ത്യയുടെ നികുതി പങ്കാളി സൗരഭ് അഗർവാൾ പറഞ്ഞു. സെപ്തംബർ 30-ന് അവസാനിച്ച ഈ വർഷത്തിന്റെ രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റയും ഇതാണ് വ്യക്തമാക്കുന്നത്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 6.3% വർദ്ധനവാണ് സൂചിപ്പിക്കുന്നത്. 2022-23ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.8- 7 ശതമാനം വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു.
Discussion about this post