ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കി ബിജെപി. ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയ കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലിനെ ബിജെപിയുടെ പുതിയ വക്താവായി നിയമിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ മറ്റ് നേതാക്കള്‍ക്കും ബിജെപി പുതിയ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ആയിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജഖറും ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ ഇടം നേടി. യുപി മന്ത്രിയായ സ്വതന്ത്ര ദേവ് സിംഗും ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി അധ്യക്ഷനായ മദന്‍ കൗശിക്കും മുന്‍ കോണ്‍ഗ്രസ് നേതാവായ റാണ ഗുര്‍മീത് സിംഗ് സോധിയും പഞ്ചാബിലെ മുന്‍ മന്ത്രി മനോരഞ്ജന്‍ കാലിയയും ദേശീയ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ യുവതയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പമല്ല രൂക്ഷ വിമര്‍ശനം പരസ്യമായി ഉന്നയിച്ചാണ് ജയ്‌വീര്‍ ഷെര്‍ഗില്‍ ആഗസ്റ്റില്‍ പാര്‍ട്ടി വിട്ടത്. തീരുമാനങ്ങള്‍ എടുക്കുന്നവരുടെ ചിന്തകള്‍ യുവാക്കളുടെ താല്‍പ്പര്യങ്ങളുമായി യോജിച്ച് പോകുന്നതല്ലെന്നും ഗാന്ധി കുടുംബത്തിനെതിരെ ഷെര്‍ഗില്‍ തുറന്നടിച്ചിരുന്നു.
39കാരനായ ഷെര്‍ഗില്‍ അഭിഭാഷകന്‍ കൂടിയാണ്. കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ നേതാക്കളിലൊരാളും മികച്ച വക്താവുമായിരുന്ന ഷെര്‍ഗിലിന്റെ പടിയിറക്കം കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ആയിരുന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരടക്കം മൂന്നുപേരാണ് ആഗസ്റ്റില്‍ കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ സിംഗ് വര്‍ഷം ആദ്യം ബിജെപിയുമായി കൈകോര്‍ത്തു. മെയിലാണ് സുനില്‍ ജഖര്‍ കോണ്‍ഗ്രസ് വിട്ടത്.
Discussion about this post