തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കടുത്ത വാക്കുകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫാദര്‍ വികൃതവും വര്‍ഗ്ഗീയവുമായ മനസ്സിന് ഉടമയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. ഫാദര്‍ ഡിക്രൂസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും അടക്കം നിരവധി സിപിഎം നേതാക്കള്‍ ഇതിനോടകം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
ഫാദറിന് സംഭവിച്ചത് നാക്കുപിഴ അല്ലെന്നും വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്കേ അങ്ങനെ പറയാന്‍ കഴിയുള്ളുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന നിലപാട് അദ്ദേഹത്തിനാണ് ചേരുകയെന്നും മന്ത്രിയുടെ പേര് മുസ്ലീം ആയതുകൊണ്ട അദ്ദേഹം തീവ്രവാദി ആണെന്ന് പറയുന്ന ആള്‍ അങ്ങേയറ്റം വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ആളായിരിക്കണം എന്നും വികൃത മനസാണ് അവിടെ പ്രകടമായതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.
മന്ത്രിയായ ഒരാളുടെ പേര് അബ്ദുറഹ്‌മാന്‍ എന്നായതില്‍ എന്താണ് തെറ്റെന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും ഇവരെല്ലാം വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്ന് ആരും ധരിക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട് മാപ്പ് പറയുന്നതില്‍ കാര്യമില്ലെന്ന് ഫാദര്‍ ഡിക്രൂസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. ബോധപൂര്‍വ്വമാണ് ഫാദര്‍ മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും കേരളമാണെന്ന തിരിച്ചറിവിലാണ് പരാമര്‍ശം പിന്‍വലിച്ച് മാപ്പപേക്ഷ നടത്തിയതെന്നും റിയാസ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസ്താവനയാണ് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെ പ്രകോപിപ്പിച്ചത്. മന്ത്രിയാണ് യഥാര്‍ത്ഥ രാജ്യദ്രോഹിയെന്നും മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദി ഉണ്ടെന്നും പറഞ്ഞ ഫാദര്‍ എന്നാല്‍ പ്രസ്താവന വിവാദമായതോടെ പിന്‍വലിച്ച് മാപ്പ് പറഞ്ഞു. എന്നാല്‍ ഐഎന്‍എല്ലിന്റെ പരാതിയില്‍ ഫാദര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post