ഹൈദരാബാദ്: പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ലവ്ഗുരു അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അസ്‌ട്രോ ഗോപാല്‍ എന്ന അക്കൗണ്ട് വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
സാമൂഹിക മാധ്യമത്തിലൂടെ പ്രണയ ജ്യോതിഷത്തിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്ന വ്യാജേന ഹൈദരാബാദ് സ്വദേശിനിയില്‍ നിന്നും ഇയാള്‍ 47. 11 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അസ്‌ട്രോ ഗോപാല്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗോപാല്‍ ശാസ്ത്രിയെ യുവതി പരിചയപ്പെടുന്നത്. അക്കൗണ്ടില്‍ നല്‍കിയിരുന്ന നമ്പറിലൂടെ ഫോണ്‍ വഴി ആദ്യം ബന്ധപ്പെട്ടു. തുടക്കത്തില്‍ 32000 രൂപ ഫീസായി വാങ്ങിയ ഇയാള്‍ പിന്നീട് പ്രശ്‌ന പരിഹാരങ്ങള്‍ക്കായി 47.11 ലക്ഷം രൂപയും തട്ടിയെടുത്തു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ലളിത് എന്ന് പേരുള്ള പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പിതാവ് ഗോപാല്‍ ശാസ്ത്രി ജ്യോതിഷിയായിരുന്നു. പിതാവിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രശ്‌ന പരിഹാരങ്ങള്‍ക്കായി തന്നെ സമീപിക്കുന്നവരില്‍ നിന്നും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലവ്ഗുരു പണം വാങ്ങിയിരുന്നത്.
Discussion about this post