അഹമ്മദാബാദ്: തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ബിജെപി സ്വന്തമാക്കുന്നത് സമാനതകളില്ലാത്ത വിജയം.182ല്‍ 156 സീറ്റുകളുടെ ഭൂരിപക്ഷവുമായാണ് ബിജെപി ഇത്തവണ നിയമസഭയില്‍ എത്തുക. പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടില്‍ ഏഴാമത്തെ തവണയാണ് തുടര്‍ച്ചയായി ബിജെപി അധികാരത്തിലെത്തുന്നത് എന്നതിനൊപ്പം 156 സീറ്റുകളിലെ വിജയവും വോട്ട് വിഹിതം ഉയര്‍ന്നതും ബിജെപിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 52.5 ശതമാനമായി ഉയര്‍ന്നു.
1985ല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ 149 സീറ്റുകള്‍ എന്ന റെക്കോഡാണ് ബിജെപി ഇത്തവണ തകര്‍ത്തത്. ബിജെപി, കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് ഇത്തവണ ഗുജറാത്ത് വേദിയായത്. എന്നാല്‍ ബിജെപിക്കെതിരെ ഏതെങ്കിലും രീതിയിലുള്ള ചലനം സൃഷ്ടിക്കാന്‍ മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കേവലം 17 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 27.3 ശതമാനമായി ഇടിഞ്ഞു. ബിജെപി ഉയര്‍ത്തിയ വെല്ലുവിളിക്കൊപ്പം ആം ആദ്മി പാര്‍ട്ടി വോട്ട് പിടിച്ചതും കോണ്‍ഗ്രസിനെ ദയനീയ പരാജയത്തിലെത്തിച്ചു. ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഇടം നേടുകയെന്ന എഎപി മോഹം ഏറെക്കുറേ യാഥാര്‍ത്ഥ്യമായെങ്കിലും എഎപിക്ക് നാല് സീറ്റുകളില്‍ തൃപ്തരാകേണ്ടി വന്നു. 13 ശതമാനം വോട്ട് വിഹിതമാണ് എഎപി നേടിയത്.
നഗരങ്ങളിലും ഗ്രാമങ്ങളിലുമുടനീളം ബിജെപി വന്‍ തരംഗമായ കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. അതേസമയം 33 ജില്ലകളില്‍ പതിനഞ്ചിലും ഒറ്റ സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് നിലംപരിശായി. സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജംനഗര്‍, ഭവ്‌നഗര്‍, ഗാന്ധിനഗര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ആദിവാസി മേഖലകളിലും കോണ്‍ഗ്രസിന് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു. ഇവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചത് ബിജെപിക്ക് നേട്ടമായി. വടക്ക് മുതല്‍ തെക്ക് വരെയുള്ള ആദിവാസി മേഖലകളിലെ സംവരണ സീറ്റുകളില്‍ (എസ്ടി) ഇരുപത്തിയേഴില്‍ ഇരുപത്തിമൂന്നിലും ബിജെപി വിജയിച്ചു.
മധ്യ, വടക്കന്‍ ഗുജറാത്ത് മേഖലകളിലെ പരമ്പരാഗത സീറ്റുകളും കോണ്‍ഗ്രസിന് കൈമോശം വന്നു.
Discussion about this post