സാനിയ മിര്‍സ- ഷൊയ്ബ് മാലിക് വിവാഹ മോചന വാര്‍ത്തകള്‍ ഏതാനും നാളുകളായി ഇന്റര്‍നെറ്റില്‍ അരങ്ങു തകര്‍ക്കുകയാണ്. ഇപ്പോഴിതാ വിവാദ ചര്‍ച്ചകള്‍ക്കുള്ള മറുപടിയുമായി ഷൊയ്ബ് മാലിക് നേരിട്ടെത്തിയിരിക്കുന്നു. ദമ്പതികള്‍ ഇരുവരും വിവാഹ മോചന വാര്‍ത്തയോട് ഇതുവരെ നേരിട്ട് പ്രതികരിച്ചിരുന്നില്ല.
ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബിന്റെ പ്രതികരണം. 12 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം ഇരുവരും അവസാനിപ്പിക്കുകയാണോ എന്ന ചോദ്യത്തിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ”ഇത് തികച്ചും വ്യക്തിപരമായ കാര്യം, ഞാനോ എന്റെ ഭാര്യയോ ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല, ഞങ്ങളെ വെറുതേ വീടൂ”, എന്ന് പറഞ്ഞ ഷൊയ്ബ് താന്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകന്റെ ജന്‍മദിനാഘോഷത്തിലെ ചിത്രങ്ങള്‍ ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനു ശേഷമാണ് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന രീതിയില്‍ ഗോസിപ്പുകള്‍ പുറത്തു വരുന്നത്. സാനിയ മകനൊപ്പമുള്ള ചിത്രങ്ങള്‍ മാത്രം പങ്കുവെച്ചതോടെ പലരിലും സംശയം ജനിച്ചു. പിന്നീട് സാനിയയുടെ ഇന്‍സ്റ്റഗ്രാമില്‍ താന്‍ അല്‍പ്പം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെ കടന്നു പോകുന്നു എന്ന കുറിപ്പും കൂടിയായപ്പോള്‍ വിവാഹ മോചനം എന്ന അവസാന വാക്കിലേക്ക് ചര്‍ച്ചകള്‍ മുറുകി. ഇരുവരും ഈ വിവാദ വാര്‍ത്തയെ അവഗണിച്ചു കടന്നു പോകുന്നതിനിടെയാണ് ഇപ്പോള്‍ ഷൊയ്ബ് മൗനം വെടിഞ്ഞത്. ഇരുവരും ഒന്നിച്ചെത്തുന്ന പരിപാടികള്‍ ഒരിക്കലും ഒഴിവാക്കില്ലെന്നും അഭിമുഖത്തിനിടെ ഷൊയ്ബ് പറഞ്ഞു.
Discussion about this post