ന്യൂഡെല്‍ഹി: സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതി വിധി വന്നതിന് ശേഷമായിരിക്കും. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് ബംഗാള്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എങ്ങനെയാണ് കേരളം അതിനും മുകളിലുള്ള ചാന്‍സലര്‍മാരെ നിയമിക്കുകയെന്നും സിപിഎം അവര്‍ക്കിഷ്ടമുള്ളവരെ സര്‍വ്വകലാശാലയിലെ ഉയര്‍ന്ന പദവികളില്‍ നിയമിക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സംസ്ഥാന സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് എടുത്തത്. എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് വേണ്ടിയാണ് യുജിസി മാനദണ്ഡങ്ങള്‍ ഉള്ളതെന്നും ആ നിയങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന് ഏകപക്ഷീയ നിലപാടുകള്‍ എടുക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post