മോസ്‌കോ: ലണ്ടനിലെ റഷ്യന്‍ എംബസിയുമായി ഒരു ബന്ധവും ഉണ്ടാകരുതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന് നിര്‍ദ്ദേശമുള്ളതായി യുകെയിലെ റഷ്യന്‍ അംബാസാഡര്‍. ഈസ്‌വെസ്റ്റിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് മൂന്നാമന്‍ രാജാവുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ഉണ്ടോ എന്ന മാധ്യമത്തിന്റെ ചോദ്യത്തിന് ഇല്ലെന്നും റഷ്യന്‍ എംബസിയുമായി യാതൊരുവിധ ബന്ധത്തിനും പോകരുതെന്നാണ് രാജകുടുംബത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി കെലിന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈനില്‍ യുദ്ധം ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുചിന്‍ ഉത്തരവിട്ടതിന് ശേഷം പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വളരെ മോശം അവസ്ഥയിലാണ്. ആധുനിക റഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി കടുത്ത ഉപരോധങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തി.
പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക രാഷ്ട്രീയനേതാക്കളും ‘ഒരു ദിവസം ആയുസുള്ള ചിത്രശലഭങ്ങളാ’യിരിക്കുകയാണെന്നും ഭാവിയെ കുറിച്ച് ഒട്ടും തന്നെ ഗൗരവമായി ചിന്തിക്കാത്ത ഇവര്‍ രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും കെലിന്‍ കുറ്റപ്പെടുത്തി. ‘ഈ ചിന്താഗതി മൂലം ഒരു മാസവും ഒരു വര്‍ഷവും കഴിഞ്ഞാല്‍ യുക്രൈനില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കാര്യങ്ങള്‍ ഇതേരീതിയില്‍ പോയാല്‍ യുക്രൈന്‍ ഒരു പരാജിത രാഷ്ട്രമാകും’, റഷ്യന്‍ സ്ഥാനപതി പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം വന്‍ സാമ്പത്തിക സ്ഥിതി കൈവന്നവര്‍ ഉള്‍പ്പടെയുള്ള റഷ്യന്‍ ബിസിനസുകാര്‍ ലണ്ടനെ സുരക്ഷിത ഇടമായി ഇപ്പോള്‍ കരുതുന്നില്ലെന്നും യുകെ കടല്‍ക്കൊള്ളക്കാരുടെ ഇടമായിരിക്കുകയാണെന്നും കെലിന്‍ പറഞ്ഞു.
Discussion about this post