ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. തവാങ്ങിലെ യങ്ത്സി സെക്ടറിൽ ചൈനീസ് സേനയുടെ കടന്നുകയറ്റം ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം പ്രദേശത്ത് പ്രട്രോളിംഗിന് ഇറങ്ങിയത്. 17000 അടി ഉയരത്തിൽ ഉള്ള ഒരു കുന്നിന്റെ മുകളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു ചൈനീസ് സംഘം. സംഭവം ചോദ്യം ചെയ്തതോടെ സംഘർഷം ആരംഭിച്ചു. ഡിസംബർ 9-ന് ആണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കുകൾ ഉണ്ടായിട്ടുണ്ട്. ആയുധമെടുക്കാതെ നടന്ന പോരാട്ടത്തിൽ 40 ൽ അധികം ചൈനീസ് സൈനികർക്ക് ഗുരുതരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിൽ പരിക്കേറ്റ 6 ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിച്ച 12 സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിന്നീടാണ് ഇവരെ വിട്ടയച്ചത്. സംഘർഷസമയത്ത് 300 ഓളം സൈനികരാണ് ചൈനയുടെ ഭാഗത്തുണ്ടായതെന്നും 150 ഓളം ഇന്ത്യൻ സൈനികർ പ്രദേശത്തുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
എന്നാൽ സംഘർഷത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് പല സൈനികരെയും ചൈന അവിടെ നിന്ന് മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏറ്റുമുട്ടൽ സമയത്ത് ഇന്ത്യയുടെ മൂന്ന് വ്യത്യസ്ത സൈനിക യൂണിറ്റുകൾ പ്രദേശത്തുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തി നിശ്ചയിക്കാത്തതിനാൽ അരുണാചലിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഇടയ്ക്കിടെ വാക് തർക്കമുണ്ടാകാറുണ്ട്.
ഇതേ തുടർന്നാണ് 2020ൽ ഗാൽവാനിലും ഏറ്റുമുട്ടലുണ്ടായത്. കിഴക്കൻ ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്.













Discussion about this post