തിരുവനന്തപുരം: ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ ഒടുവില്‍ നിയസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. വിരമിച്ച ജഡ്ജിയെ ചാന്‍സലര്‍ ആക്കണമെന്ന നിര്‍ദ്ദേശം ഭരണപക്ഷം തള്ളിയതിന്റെ പേരില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ കേരളത്തിലെ വിസി നിയമന വിഷയം ഇന്ന് ബിജെപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി രാധാ മോഹന്‍ അഗര്‍വാളാണ് വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. നിയമപരമല്ലാത്ത വിസി നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദ്ദേശിക്കണമെന്ന് രാധാ അഗര്‍വാള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
സഭയില്‍ അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബില്‍ നിയമസഭ പാസാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് പകരം ചാന്‍സലര്‍ സ്ഥാനത്തേക്ക് പണ്ഡിതരെയോ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയോ നിയമിക്കുക എന്നതാണ് ബില്ലില്‍ പറയുന്നത്. അഞ്ച് വര്‍ഷമായിരിക്കും ചാന്‍സലറുടെ കാലാവധി.ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നുള്ളതും ബില്ലിലെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
അതേസമയം ബില്ല് യാതൊരു ഗൃഹപാഠവും കൂടാതെ തട്ടിക്കൂട്ടിയതാണെന്ന് കഴിഞ്ഞ തവണ തന്നെ പ്രതിപക്ഷം ആരോപിച്ചതാണ്. പുതിയ ചാന്‍സലറെ നിയമിക്കാന്‍ അവസരം വരുമ്പോള്‍ അവിടെയും പാര്‍ട്ടിക്കാരെ കൊണ്ടുവരുമോ എന്ന ആശങ്ക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചു. എല്ലാ സര്‍വ്വകലാശാലകള്‍ക്കും കൂടി ഒരു ചാന്‍സലറെ നിയമിക്കണമെന്നും അത് വിരമിച്ച ജഡ്ജിയോ മറ്റോ ആയിരിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ഭരണപക്ഷം ഈ നിര്‍ദ്ദേശം തള്ളി.
Discussion about this post