ഡെല്‍ഹി: ഡെല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായി. തെക്ക്പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് അറിവ്.
പെണ്‍കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.കുട്ടിയുടെ മുഖത്തേക്കാണ് അക്രമികള്‍ ആസിഡ് ഒഴിച്ചത്. കണ്ണിലും ആസിഡ് വീണതായി പിതാവ് പറഞ്ഞു. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരില്‍ ഒരാളെ പോലീസ് പിടികൂടി. ദ്വാരകയിലെ മോഹന്‍ഗാര്‍ഡ് ഏരിയയില്‍ രാവിടെ 7.30ഓടെയാണ് സംഭവമുണ്ടായത്. അക്രമികളെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഇളയ സഹോദരി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടിക്ക് നേര്‍ ആസിഡ് ഒഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. നിരത്തിലൂടെ നടന്നു പോകുകയായിരുന്ന രണ്ടുപെണ്‍കുട്ടികളില്‍ ഒരാളുടെ നേര്‍ക്ക് ബെക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ആസിഡ് ഒഴിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആസിഡ് വീണതിന് പിന്നാലെ മുഖം പൊത്തി പിടിച്ച് വേദനയാല്‍ ഓടുന്ന പെണ്‍കുട്ടിയെയും വീഡിയോയില്‍ കാണാം.
പതിനേഴും പതിമൂന്നും വയസ്സുള്ള തന്റെ പെണ്‍കുട്ടികള്‍ രാവിലെ ഒരുമിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പിതാവ് പറഞ്ഞു. പെട്ടെന്നാണ് രണ്ടുപേര്‍ ബെക്കില്‍ വന്ന് മൂത്ത കുട്ടിയുടെ മേല്‍ ആസിഡ് ഒഴിച്ച് ബൈക്കില്‍ രക്ഷപ്പെട്ടത്. ഇവര്‍ മുഖം മറച്ചിരുന്നതായും കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post