തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കത്ത് വിവാദം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നഗരസഭയിലെ ഒഴിവുകളിലേക്ക് പാര്‍ട്ടക്കാരെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണമാണ് കത്ത് വിവാദത്തിലൂടെ മേയര്‍ നേരിട്ടത്. മേയറുടെ നടപടി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജി എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
കത്ത് താന്‍ എഴുതിയതല്ലെന്നായിരുന്നു സംഭവത്തില്‍ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഇക്കാര്യം മേയര്‍ കോടതിയെയും അറിയിച്ചിരുന്നു. സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരമൊരു കത്ത് താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മേയര്‍ പറഞ്ഞു. കത്ത് മേയറാണ് എഴുതിനല്‍കിയതെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് ഹര്‍ജി തള്ളിയിരിക്കുന്നത്.











