ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി കടന്നാക്രമിച്ച് കൊണ്ടുള്ള പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. പാക് വിദേശകാര്യമന്ത്രിയുടെ സംസ്‌കാരശൂന്യമായ വാക്കുകള്‍ പാക്കിസ്ഥാന് ഭീകരത ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാന്റെ അധഃപതനമാണ് വിദേശകാര്യമന്ത്രിയുടെ വാക്കുകളില്‍ ഉള്ളതെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയെ അധിക്ഷേപിക്കാന്‍ പാക്കിസ്ഥാന് യോഗ്യതയില്ലെന്നും മെയ്ക്ക് ഇന്‍ പാക്കിസ്ഥാന്‍ ടെററിസം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ മറുപടി നല്‍കി.
പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വാക്കുകളോടുള്ള പ്രതികാരമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് നേര്‍ക്ക് പാക് വിദേശകാര്യമന്ത്രി നടത്തിയ അധിക്ഷേപ വാക്കുകളില്‍ പ്രതിഫലിച്ചത്. ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നുമാണ്’, ഇന്ന് ഐക്യരാഷ്ട്രസഭയില്‍ ബിലാവല്‍ പറഞ്ഞത്.
പാക് വിദേശകാര്യമന്ത്രി 1971ലെ ഈ ദിനം മറന്നുപോയെന്ന് ഉറപ്പാണെന്നും ബംഗാളികളെയും ഹിന്ദുക്കളെയും പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ കൂട്ടക്കൊല നടത്തിയത് അന്നാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതില്‍ പാക്കിസ്ഥാന് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതിനാല്‍ ഇന്ത്യയെ അധിക്ഷേപിക്കാന്‍ പാക്കിസ്ഥാന് ഒരു യോഗ്യതയും ഇല്ല, വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ സംസ്‌കാരശൂന്യമായ പൊട്ടിത്തെറി തീവ്രവാദികളെയും അവരുടെ കൂട്ടാളികളെയും ഉപയോഗതില്‍ പാക്കിസ്ഥാന്‍ നേരിടുന്ന കഴിവുകേടാണ് തെളിയിക്കുന്നത്. ന്യൂയോര്‍ക്ക്, മുംബൈ. പുല്‍വാമ, പതാന്‍കോട്ട്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന, പിന്തുണയ്ക്കുന്ന ഭീകരവാദത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ നഗരങ്ങളില്‍ ചിലതാണ്. ഈ ആക്രമണങ്ങളെല്ലാം പിറവിയെടുത്തത് അവരുടെ പ്രത്യേക ഭീകരവാദ സോണുകളില്‍ നിന്നാണെന്നും അവിടെ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കടത്തിയെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. മെയ്ക്ക് ഇന്‍ പാക്കിസ്ഥാന്‍ ടെററിസം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പാക് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിക്ക് നേരെ നടത്തിയ അങ്ങേയറ്റം മോശം പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണ്. ഇതിനതിരെ നാളെ രാജ്യമെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.









Discussion about this post