റഡാർ കണ്ടെത്തുമ്പോഴേക്കും തന്നെ ലക്ഷ്യം ഭേദിച്ച് കഴിയുന്ന രീതിയിൽ ഉള്ള വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ആയുധം നമ്മുടെ രാജ്യത്തിന് ഉണ്ടെന്ന് ഒന്ന് സങ്കപ്പിക്കുക. എന്നാൽ ഇത് ഇനി ഒരു ഫിക്ഷനോ സ്വപ്നമോ ഒന്നും അല്ല. ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും കരുത്തുറ്റ കാൽവെപ്പായി വിശേഷിപ്പിക്കപ്പെടുന്ന ET-LDHCM (Extended Trajectory-Long Duration Hypersonic Cruise Missile) അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
റഷ്യയുടെ ‘സിർക്കോൺ’ (Zircon) മിസൈലിനോട് കിടപിടിക്കുന്നതാണ് ഇന്ത്യയുടെ ഈ പുത്തൻ മിസൈൽ. ഇത് ഇന്ത്യൻ സായുധ സേനയുടെ കരുത്ത് ഇരട്ടിയാക്കും. ഡി.ആർ.ഡി.ഒ (DRDO) വികസിപ്പിച്ചെടുത്ത ഈ മിസൈൽ ഇന്ത്യയുടെ രഹസ്യ പദ്ധതിയായ ‘പ്രൊജക്ട് വിഷ്ണു’ വിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയെയും പാകിസ്ഥാനെയും ഒരുപോലെ പ്രതിരോധിക്കാനും, ഒരേസമയം വലിയ പ്രത്യാക്രമണങ്ങൾ നടത്താനും ഈ ഹൈപ്പർസോണിക് മിസൈലിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.
ഇതിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഈ മിസൈൽ സഞ്ചരിക്കുന്ന രീതിയും അതിന്റെ ഹൈപ്പർസോണിക് വേഗതയും കാരണം റഡാറുകൾക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താൻ പ്രയാസമാണ്. ശത്രുക്കൾ ഇത് കണ്ടെത്തിയാൽ തന്നെ അവർക്ക് പ്രതികരിക്കാൻ സമയം ലഭിക്കില്ല. വൈവിധ്യം ET-LDHCM ന്റെ മറ്റൊരു മുഖമുദ്രയാണ്. കരയിൽ നിന്നോ കടലിൽ നിന്നോ വായുവിൽ നിന്നോ ഇത് വിക്ഷേപിക്കാൻ കഴിയും എന്നതാണ്. ഇത് ഇന്ത്യയ്ക്ക് അസാധാരണ ആധിപത്യം നൽകുന്നു.
ഈ മിസൈലിന്റെ വേഗത വെച്ച് കണക്കാക്കിയാൽ ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് വിക്ഷേപിച്ചാൽ വെറും 10 മിനിറ്റിനുള്ളിൽ പാകിസ്ഥാനിലെ കറാച്ചി പോലുള്ള നഗരങ്ങളിൽ ലക്ഷ്യം കാണാൻ ഇതിന് സാധിക്കും. അതായത് ദീർഘദൂരത്തിലുള്ള ലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ഇതിന് കഴിയും എന്നത് തന്നെ. സാധാരണ മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, പറക്കുന്നതിനിടയിൽ പാത മാറാനുള്ള (Maneuverability) കഴിവ് ഇതിനുണ്ട്. അതിനാൽ ലക്ഷ്യസ്ഥാനം എവിടെയാണെന്ന് ശത്രുക്കൾക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല.
ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവർക്കായി വികസിപ്പിക്കുന്ന ഈ മിസൈൽ ഇന്ത്യയെ ലോകത്തിലെ ചുരുക്കം ചില ഹൈപ്പർസോണിക് രാജ്യങ്ങളുടെ (യു.എസ്.എ, റഷ്യ, ചൈന) നിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്. 2030-ഓടെ ഏകദേശം 500-ഓളം മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.










Discussion about this post