സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ടിൽ 1986-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘സന്മനസ്സുള്ളവർക്ക് സമാധാനം’. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഈ ചിത്രവും അതിലെ സംഭാഷണങ്ങൾക്കുമെല്ലാം വലിയ റിപ്പീറ്റ് വാല്യൂവാണ് ഉള്ളത്. ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ദാമോദർ ജി പറയുന്ന ” ബോംബെയിലെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറക്കും ആരാണയാൽ, ഞാൻ ആണയാൽ” ഡയലോഗൊക്കെ ഇന്നും ട്രോളർമാരുടെ ഇഷ്ട സംഭാഷണമാണ്.
ഈ സിനിമയുടെ കേന്ദ്രകഥാപാത്രം ഗോപാലകൃഷ്ണ പണിക്കർ (മോഹൻലാൽ) ആണ്. വലിയൊരു തറവാട് വീട്ടിൽ നിന്നുള്ള ആളാണെങ്കിലും ഇപ്പോൾ കടുത്ത കടബാധ്യതയിലാണ് ഗോപാലകൃഷ്ണൻ. തന്റെ വീട് ജാമ്യം വെച്ചെടുത്ത കടം വീട്ടാനായി, കൊച്ചിയിലുള്ള തന്റെ ഏക സമ്പാദ്യമായ വീട് വിൽക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. ആ വീട്ടിൽ താമസിക്കുന്ന വാടകക്കാർ വീടൊഴിയാതെ നിൽകുമ്പോൾ അവരെ തുരത്താൻ അയാൾ കണ്ടെത്തുന്ന വഴികളും അവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറഞ്ഞ കഥ.
ഇതിലൊരു സീനിൽ ഗോപാലകൃഷ്ണ പണിക്കർ ഇവരെ ഒഴിവാക്കാനായി സുഹൃത്തും പൊലീസുകാരനുമായ രാജേന്ദ്രന്റെ( ശ്രീനിവാസൻ) സഹായം തേടുന്നുണ്ട്. കൂട്ടുകാരനെ സഹായിക്കാനിറങ്ങുന്ന രാജേന്ദ്രന്റെ സീനുകൾ എല്ലാം ഏറെ ചിരിപടർത്തിയവയാണ്. അതിൽ തന്നെ ഒരു സീനിനെക്കുറിച്ചും അതിലെ മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡിനെക്കുറിച്ചും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെ:
“സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം ശ്രീനിവാസന്റെ പോലീസ് കഥാപാത്രത്തിന്റെ സഹായം തേടുന്ന രംഗമുണ്ട്. വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് പോലീസ് ജീപ്പിൽ ഇരുവരും വരികയാണ്. റിഹേഴ്സലിൽ ആ രംഗം ഒകെ ആയിരുന്നു. എന്നാൽ ടേക്കിൽ ഇൻസ്പെക്ടർ രാജേന്ദ്രൻ ജീപ്പിൽ നിന്ന് ചാടിയിറങ്ങുമ്പോൾ ബാലൻസ് കിട്ടാതെ തെറ്റിയിട്ട് വീഴാൻ പോകുകയാണ്. അതുവരെ ഉപയോഗിക്കാതിരുന്ന ഷൂസായിരുന്നു അത്. ഷോട്ട് കട്ട് ചെയ്ത ഉടനെ, ഇന്നത്തെ പോലെ അന്ന് കാണാൻ മോണിറ്റർ ഒന്നുമില്ല. അതൊക്കെ കാണാൻ ഒരു മാസമെങ്കിലും എടുക്കും. എല്ലാവരും ചിരിച്ച ഒരു രംഗമായിരുന്നു അത്, ലാൽ പോലും ചിരിച്ചു പോയിരുന്നു. രണ്ടാമത് ആ സീൻ എടുക്കാമെന്ന് ക്യാമറാമാൻ ഉൾപ്പടെ പറഞ്ഞതാണ്. അപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു‘ ലാൽ ചിരിച്ചില്ലേ എന്ന്’ അപ്പോൾ ലാൽ പറഞ്ഞു ‘ഞാൻ ചിരിച്ചു, പക്ഷെ ക്യാമറയിൽ ആ ചിരി കാണില്ല. ഞാൻ കുടയും ബാഗും വെച്ചിട്ട് ആ ചിരി മറച്ചെന്ന്’. ആ സീൻ തന്നെയാണ് സിനിമയിൽ ഉള്ളത്. മോഹൻലാൽ ചിരിക്കുന്നത് പക്ഷെ നമുക്ക് അതിൽ കാണാൻ പറ്റില്ല. അത് അയാൾ മറച്ചിരുന്നു. അതൊക്കെയാണ് പ്രസൻസ് ഓഫ് മൈൻഡ്.” സത്യൻ അന്തിക്കാട് പറഞ്ഞു.
“സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന പേര് അന്വർത്ഥമാക്കുന്നത് പോലെ, സന്മനസ്സുള്ളവർക്ക് ഒടുവിൽ സമാധാനം ലഭിക്കുമെന്ന സന്ദേശമാണ് ഈ സിനിമ നൽകുന്നത്.













Discussion about this post