ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താനെ അകമഴിഞ്ഞ് പിന്തുണച്ച തുർക്കിയോടുള്ള അവഗണന തുടരാൻ തന്നെ തീരുമാനിച്ച് ഇന്ത്യ. ഇൻഡിഗോ ഉപയോഗിക്കുന്ന 5 ടർക്കിഷ് വിമാനങ്ങളുടെ പ്രവർത്തനാനുമതി നീട്ടിനൽകില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
നിലവിൽ ഇൻഡിഗോ 15 വിദേശ വിമാനങ്ങളാണ് പാട്ടത്തിനെടുത്ത് സർവ്വീസ് നടത്തുന്നത്. 7 എണ്ണം തുർക്കിയുടേതാണ്. ഇതിൽ 5 നാരോബോഡി വിമാനങ്ങളുടെ പ്രവർത്തനാനുമതി 2026 മാർച്ചുവരെയായി ഡിജിസിഎ ചുരുക്കിയിരുന്നു. ഇത് ഇനി നീട്ടിനൽകേണ്ടെന്നാണ് തീരുമാനം. തുർക്കിയുടെ കോറെൻഡൻ എയർലൈൻസിൽ നിന്ന് ഇൻഡിഗോ പാട്ടത്തിനെടുത്ത ബോയിങ്-737 വിമാനങ്ങളാണിവ. പാട്ടക്കാലാവധി മാർച്ച് 26ന് തീരുമെന്ന് നേരത്തേ ഇൻഡിഗോ അറിയിച്ചിരുന്നു. ബാക്കി 2 എണ്ണം ബോയിങ്-777 വൈഡ് ബോഡി എയർക്രാഫ്റ്റുകളാണ്. ഇവയുടെ പ്രവർത്തനാനുമതി 2026 ഫെബ്രുവരിയിലും തീരും.
മാർച്ചിനുശേഷം ഈ 7 വിമാനങ്ങളും ഇൻഡിഗോയ്ക്ക് ഉപയോഗിക്കാനാവില്ല. തിരിച്ച് തുർക്കി കമ്പനികൾക്ക് തന്നെ കൊടുക്കണം. പാട്ടക്കാലാവധി പുതുക്കേണ്ടെന്ന് ഡിജിസിഎ നിർദേശിച്ചിട്ടുമുണ്ട്.












Discussion about this post