വാഷിംഗ്ടൺ : യുഎസ് നിർമിക്കാൻ ഒരുങ്ങുന്ന പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ട്രംപ്-ക്ലാസ്’ എന്ന പേര് നൽകിയിരിക്കുന്ന ഇവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ ആയിരിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയിൽ സാധാരണയായി സ്ഥാനമൊഴിഞ്ഞ നേതാക്കൾക്ക് ആദരസൂചകമായി ആണ് ഇത്തരത്തിൽ പേരുകൾ നൽകാറുള്ളത്. എന്നാൽ സ്വന്തം ഭരണകാലത്ത് പ്രഖ്യാപിക്കുന്ന ഒരു പദ്ധതിക്ക് സ്വന്തം പേര് നൽകുന്ന ആദ്യ യുഎസ് പ്രസിഡണ്ടാണ് ട്രംപ്.
ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ വച്ചായിരുന്നു വാർത്ത സമ്മേളനം വിളിച്ച് ഈ പ്രഖ്യാപനം നടത്തിയത്. പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, നാവിക സെക്രട്ടറി ജോൺ ഫെലൻ എന്നിവരും ട്രംപിനോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏറ്റവും മാരകമായ ചില ഉപരിതല യുദ്ധക്കപ്പലുകൾ ആയിരിക്കും ട്രംപ് ക്ലാസ്സ് എന്ന് യുഎസ് പ്രസിഡണ്ട് മാധ്യമങ്ങളെ അറിയിച്ചു. ആദ്യഘട്ടത്തിൽ രണ്ട് ട്രംപ് ക്ലാസ്സ് യുദ്ധക്കപ്പലുകൾ ആയിരിക്കും നിർമ്മിക്കുക.
കപ്പലുകൾക്ക് 30,000 മുതൽ 40,000 ടൺ വരെ ഭാരമുണ്ടാകുമെന്നും മിസൈലുകളും തോക്കുകളും കൂടാതെ ലേസർ, ഹൈപ്പർസോണിക് മിസൈലുകൾ പോലുള്ള വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളും അവയിൽ ഉണ്ടായിരിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കടലിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങൾ വഹിക്കാനും ഈ യുദ്ധ കപ്പലുകൾക്ക് ശേഷി ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. കപ്പലുകൾ സൗന്ദര്യത്മകം ആയിരിക്കുമെന്നും അവയുടെ രൂപകൽപ്പനയിൽ നാവികസേനയോടൊപ്പം താനും ചേരും എന്നും ട്രംപ് അറിയിച്ചു.










Discussion about this post