ന്യൂഡെല്‍ഹി: ആവേശത്തിന്റെയും ആകാംക്ഷയുടെയും നിമിഷങ്ങള്‍ എണ്ണിയെണ്ണിയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇന്നലെ ഫിഫ ലോകകപ്പ് ഫൈനല്‍ വീക്ഷിച്ചത്. മെസ്സിയും എംബെപ്പെയും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച ആ രാവില്‍ ഗൂഗിളും ഒരു പുതിയ റെക്കോഡ് തന്റെ പേരിലേക്ക് കൂട്ടിച്ചേര്‍ത്തതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ സര്‍ച്ച് ഏറ്റവും ഉയര്‍ന്ന ട്രാഫിക് (സന്ദര്‍ശകരുടെ എണ്ണം) കണ്ട ദിനമായിരുന്നു ഇന്നലെ. ചുരുക്കിപ്പറഞ്ഞാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍ സര്‍ച്ച് മടുത്തുപോയ ദിനമായിരിക്കും ഇന്നലെ.
ലോകം മുഴുവന്‍ ഒരേ കാര്യം അന്വേഷിച്ച അവസ്ഥയായിരുന്നു അതെന്ന് സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.
ലോകം മുഴുവന്‍ ലോകകപ്പ് മത്സരം വീക്ഷിക്കുകയും കളിക്കാരെയും ടീമുകളെയും കുറിച്ച് അന്വേഷിക്കുകയും ചെയ്ത രാവില്‍ മെസ്സി, എംബാപ്പെ, ഫിഫ ലോകകപ്പ് ഫൈനല്‍ എന്നിവയായിരുന്നു സോഷ്യല്‍ മീഡിയ ലോകത്ത് ട്രെന്‍ഡിംഗ്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ടീമില്ലെങ്കിലും ഫുട്‌ബോള്‍ ആവേശത്തില്‍ ഒട്ടും പിറകിലായിരുന്നില്ല ഇന്ത്യ. കഴിഞ്ഞ മാസം പുറത്തുവിട്ട ഇയര്‍ ഇന്‍ സര്‍ച്ച് 2022 റിപ്പോര്‍ട്ടില്‍ ഫിഫ ലോകകപ്പ് ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ മൂന്നാമത്തെ വാക്കായിരുന്നു.
Discussion about this post