കൊച്ചി: ഹര്‍ത്താലിനിടെ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് കോടതി തറപ്പിച്ച് പറഞ്ഞു. ഇതൊരു നിസ്സാര സംഭവമല്ലെന്നും അടുത്ത മാസം തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് കര്‍ശ്ശന നിര്‍ദ്ദേശം നല്കി.
ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സ്വത്ത് കണ്ടെത്തല്‍ നടപടിയിലാണ് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി ജനുവരിക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നേതാക്കന്മാരുടെ വീടുകളിലും റെയ്ഡ് നടത്തിയതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിലാണ് കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. ഈ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടിയുടെയും ജനറല്‍ സെക്രട്ടറിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post