ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് മേഖലയില്‍ ഡിസംബര്‍ ഒമ്പതിനുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നമ്മുടെ സൈനികര്‍ മര്‍ദ്ദിക്കപ്പെടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയാണ് വിദേശകാര്യമന്ത്രി എതിര്‍ത്തത്.
“രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടാകുന്നതില്‍ ഒരു പ്രശ്‌നവുമില്ല, രാഷ്ട്രീയ വിമര്‍ശനവുമാവാം. എന്റെ അറിവ് കുറച്ചുകൂടി ആഴത്തിലാക്കണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആരാണ് പറയുന്നത് എന്നതിനനുസരിച്ച് ഞാന്‍ തല കുനിച്ച് നിന്ന് കേള്‍ക്കും. എന്നാല്‍, നേരിട്ടോ അല്ലാതെയോ നമ്മുടെ സൈനികരെ വിമര്‍ശിക്കരുത്.13,000 അടി ഉയരത്തില്‍ യാങ്‌ത്സെയിലാണ് അവര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിച്ച് നില്‍ക്കുന്നത്. മര്‍ദ്ദിക്കപ്പെടുക എന്ന വാക്ക് അവര്‍ക്ക് നേരെ ഉപയോഗിക്കരുത്. മര്‍ദ്ദിക്കുക എന്ന വാക്ക് നമ്മുടെ ജവാന്മാരില്‍ ഉപയോഗിക്കരുത്”, ജയ്ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ജയ്പൂരില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. “ചൈന നമ്മുടെ ഭൂമി കയ്യേറി. നമ്മുടെ സൈനികരെ അടിച്ചുവീഴ്ത്തി. ചൈനയുടെ ഭീഷണി വളരെ കൃത്യമാണ്. സര്‍ക്കാര്‍ അത് മറയ്ക്കുകയാണ്, അവഗണിക്കുകയാണ്. ലഡാക്കിലും അരുണാചലിലും ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണ്”, രാഹുല്‍ ഗാന്ധി പറഞ്ഞു. എസ് ജയ്ശങ്കറിനെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജയ്ശങ്കര്‍ തന്റെ അറിവ് വര്‍ധിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ അടിച്ചുവീഴ്ത്തുകയാണെന്ന് പറഞ്ഞ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post