ന്യൂഡെല്‍ഹി: ലോകത്തെ മുഴുവന്‍ ഒരിക്കല്‍ കൂടി കോവിഡ് രോഗഭീതിയിലേക്ക് തള്ളിവിടുന്ന രീതിയില്‍ ചൈന വീണ്ടും കടുത്ത കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചൈനയില്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമായ BF.7-ന്റെ മൂന്ന് കേസുകള്‍ ഇന്ത്യയിലും കണ്ടെത്തിയതായി ഓദ്യോഗിക സ്രോതസ്സുകള്‍ സൂചിപ്പിച്ചു.
ഒക്ടോബറില്‍ ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. ഇതുവരെ, ഗുജറാത്തില്‍ ഈ വകഭേദം മൂലമുള്ള രണ്ട് കേസുകളും ഒഡീഷയില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തില്‍ നിലവില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവ് ഇല്ലെന്നും എന്നാല്‍ പുതിയതും നിലവിലുള്ളതുമായ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യതലസ്ഥാനത്തെ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ചൈനീസ് നഗരങ്ങളില്‍ ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നതില്‍ അധികവും ഈ ഒമിക്രോണ്‍ ഉപവകഭേദമാണ്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലും രാജ്യത്ത് അതിവേഗം കോവിഡ് പടര്‍ന്ന് പിടിക്കുന്ന മറ്റിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ വകഭേദമാണ്.
ചൈനയില്‍ ഈ വകഭേദം ഉയര്‍ന്ന രോഗനിരക്കിനിടയാക്കിയത് മുന്‍ വകഭേദങ്ങളിലൂടെയും പ്രതിരോധ കുത്തിവെപ്പിലൂടെയും ചൈനീസ് ജനത കാര്യമായ പ്രതിരോധശേഷി ആര്‍ജ്ജിക്കാത്തത് മൂലമാകാമെന്ന് സ്രോതസ്സുകള്‍ അഭിപ്രായപ്പെട്ടു. ഒമിക്രോണ്‍ വകഭേദമായ BA.5ന് വ്യതിയാനങ്ങള്‍ സംഭവിച്ച് രൂപപ്പെട്ട BF.7 എന്ന ഉപ വകഭേദത്തിന് രോഗവ്യാപനശേഷി വളരെയധികമാണ്. നേരത്തെ രോഗം വന്നവരിലും കുത്തിവെപ്പ് എടുത്തവരിലും വീണ്ടും രോഗമുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്ക, യുകെ, യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ അടക്കം നിരവധി രാജ്യങ്ങളില്‍ ഇതിനോടകം ഈ വദഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post