വഡോദരയിലെ സ്റ്റേഡിയത്തിൽ കിവി ബൗളർമാരുടെ പോരാട്ടവീര്യത്തെ ജയിച്ചുകയറി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ ഉജ്ജ്വല പ്രകടനവും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് തുടക്കവും ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തേകി.
മറുപടി ബാറ്റിംഗിൽ രോഹിത് ( 26 ) തകർപ്പൻ തുടക്കം നൽകി മടങ്ങിയ ശേഷം ഗില്ലിന് കൂട്ടായി വന്നത് കോഹ്‌ലിയാണ്. ഇരുവരും മനോഹരമായി കളിച്ചു മുന്നേറിയപ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചതാണ്. അതിനിടെ 56 റൺ നേടിയ ഗിൽ മടങ്ങി. ശേഷമൊട്ട കോഹ്‌ലിക്ക് ഒപ്പം ചേർന്ന അയ്യർ, ഗിൽ മടങ്ങിയ കുറവ് അറിയിക്കാതെ നന്നായി കളിച്ചു. അവസാന 5 മത്സരങ്ങളിലെ തന്റെ സ്വപ്നതുല്യമായ ഫോം തുടർന്ന കോഹ്‌ലി 93 റൺസെടുത്ത് പുറത്തായി. കേവലം 7 റൺസ് അകലെ അർഹിച്ച സെഞ്ച്വറി നഷ്ടമായത് ആരാധകരെ നിരാശരാക്കിയെങ്കിലും ഇന്ത്യൻ സ്കോർ ബോർഡിനെ അദ്ദേഹം സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു.
എന്നാൽ കോഹ്‌ലിയുടെ വിക്കറ്റ് എടുത്ത ജാമിസൺ തുടരെ ജഡേജ (4 ) അയ്യർ (49 ) എന്നിവരെ മടക്കിയതോടെ ഇന്ത്യ സമർദ്ദത്തിലായി. ശേഷം രാഹുലിനൊപ്പം ചേർന്ന ഹർഷിത് റാണ( 29 ) മിനി വെടിക്കെട്ടിലൂടെ സമ്മർദ്ദം ഒഴിവാക്കി. റാണ മടങ്ങിയപ്പോൾ സുന്ദറിനെ (7 ) സാക്ഷിയാക്കി കെഎൽ രാഹുൽ (29 ) ഇന്ത്യയെ ഒരു ഓവർ ബാക്കി നിൽക്കെ വിജയവര കടത്തി. കിവീസിനായി ജാമിസൺ 4 വിക്കറ്റ് നേടി തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 301 റൺസിൽ ഒതുക്കുന്നതിൽ രണ്ട് വിക്കറ്റ് വീതം നേടിയ സിറാജ്, ഹർഷിത്, പ്രസീദ് എന്നിവർ നിർണായക പങ്ക് വഹിച്ചു.













Discussion about this post