ഡല്‍ഹി: പോലീസിന്റെ നിയന്ത്രണം ഡല്‍ഹി സര്‍ക്കാരിന് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് ആം ആദ്മി സര്‍ക്കാരിന്റെ നീക്കം.
അടുത്ത മാസം 18 മുതല്‍ പത്ത് ദിവസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ പോലീസിന്റെ നിയന്ത്രണം സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരുമായുള്ള പ്രശ്നങ്ങളും ചര്‍ച്ചയാകും.
ഡല്‍ഹിയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള പീഡനം ആവര്‍ത്തിക്കുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പോലീസിന്റെ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു നിയമോപദേശം ലഭിച്ചത്. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്. നേരത്തെ കുട്ടികള്‍ക്ക് നേരെയുള്ള പീഡനം തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post