മഥുര(യുപി); മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ജ്ഞാൻവാപി മാതൃകയിൽ സർവ്വെ നടത്താൻ കോടതി ഉത്തരവ്. ഹിന്ദുസേനയുടെ ഹർജി പരിഗണിച്ച് പ്രാദേശിക സീനിയർ ഡിവിഷൻ കോടതിയാണ് ഉത്തരവിട്ടത്. സർവ്വെയുടെ റിപ്പോർട്ട് ജനുവരി 20 ന് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശ്രീകൃഷ്ണജൻമഭൂമിയിലെ 13.37 ഏക്കർ വരുന്ന ക്ഷേത്രഭൂമിയിൽ ക്ഷേത്രം പൊളിച്ചാണ് മുഗൾ അധിനിവേശ ഭരണാധികാരിയായ ഔറംഗസേബ് ഷാഹി ഈദ്ഗാഹ് നിർമിച്ചതെന്നായിരുന്നു ഹിന്ദുസേനയുടെ ഹർജിയിലെ വാദം. 1669-70 കാലഘട്ടത്തിലാണ് ഇത് നടന്നതെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1968 ൽ ഷാഹി മസ്ജിദ് ഈദ്ഗാഹുമായി ശ്രീകൃഷ്ണ ജൻമസ്ഥാൻ സേവാ സംഘ് ഉണ്ടാക്കിയ കരാറിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് കേസിലെ എല്ലാ കക്ഷികൾക്കും സർവ്വെ നടത്തുന്നത് സംബന്ധിച്ച് നോട്ടീസ് അയയ്ക്കാൻ ജഡ്ജി സോണിക വർമ്മ ഉത്തരവിട്ടത്.
ജനുവരി രണ്ടിന് ശേഷം സർവ്വെ നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ജ്ഞാൻവാപിയിൽ വീഡിയോ സർവ്വെയിലൂടെ മസ്ജിദിനുളളിലെ ശിവലിംഗം ഉൾപ്പെടെയുളള കാര്യങ്ങൾ വെളിപ്പെട്ടിരുന്നു. സമാനമായ പ്രതീക്ഷയാണ് ഹിന്ദു വിശ്വാസികൾ ഈ കേസിലും പുലർത്തുന്നത്. കേസ് വീണ്ടും ജനുവരി 20 ന് പരിഗണിക്കും.
Discussion about this post