സൂററ്റ് : നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടപ്പെട്ടത് ആറ് ലക്ഷത്തോളം രൂപ .സൂറത്തിലെ സിറ്റിലൈറ്റ് ഏരിയയിൽ താമസിക്കുന്ന യുവതിയ്ക്കാണ് പണം നഷ്ടമായത് . ചാർട്ടേഡ് അക്കൗണ്ടന്റായ യുവതി ജൂലൈ 16 ന് പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചിരുന്നു . എന്നാൽ പണം കൈമാറാനായില്ല .പിന്നാലെ ഗൂഗിളിൽ കണ്ട ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പരിലേക്ക് വിളിച്ചു .
ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന മട്ടിൽ സംസാരിച്ച യുവാവ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു . തുടർന്ന് ഒരു ലിങ്ക് അയച്ച് നൽകി അത് ഓപ്പൺ ആക്കാൻ ആവശ്യപ്പെട്ടു . ഇങ്ങനെ ചെയ്താൽ പണം ട്രാൻസ്ഫർ ചെയ്യപ്പെടുമെന്നും യുവാവ് പറഞ്ഞു. ഇത് അനുസരിച്ച് ലിങ്ക് ഓപ്പണാക്കിയ യുവതി ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡ് വിവരങ്ങളും പൂരിപ്പിച്ച് നൽകി .
എന്നാൽ തൊട്ടടുത്ത ദിവസം ലഭിച്ചത് പണം നഷ്ടപ്പെട്ടെന്ന സന്ദേശമാണ്. അക്കൗണ്ടിൽ നിന്ന് 6.16 ലക്ഷം രൂപയാണ് നഷ്ടമായത് . പിന്നാലെ യുവതി സൈബർ സെല്ലിൽ പരാതി നൽകി .സംഭവം അന്വേഷിച്ച സൂറത്ത് സൈബർ ക്രൈം ടീം കർണാടകയിൽ നിന്ന് 27 കാരനായ ലാലു സ്ത്യേശ്വർ മിശ്രയെ പിടികൂടി.
പ്രതി മൈസൂർ റെയിൽവേ സ്‌റ്റേഷനിൽ പെസ്റ്റ് കൺട്രോൾ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ബിഎസ്‌സി വരെ പഠിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയാണെങ്കിലും ഇപ്പോൾ മൈസൂരിലാണ് ജോലി ചെയ്യുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഇയാൾക്കുണ്ടായിരുന്ന 1.63 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്
Discussion about this post