ബീജിങ്: കോവിഡ് വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിൽ വലയുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ ആശുപത്രി കിടക്കകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്.
ഗുരുതരാവസ്ഥയിലെത്തിക്കുന്ന പല രോഗികൾക്കും ആശുപത്രിയിൽ ചികിത്സ നൽകാനാകാത്ത സ്ഥിതിയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുപ്പത് വർഷത്തിലധികം നീണ്ട സേവനത്തിൽ ഇതുപോലൊരു സാഹചര്യം ഒരിക്കലും നേരിട്ടിട്ടില്ലെന്ന് ബീജിങ്ങിലെ എമർജൻസി വിഭാഗം ഡോക്ടർ ഹൊവാർഡ് ബേൺസ്റ്റീൻ പറയുന്നു.
ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്കാണ്. കൂടുതലും പ്രായമുളളവർ. കോവിഡിന് പുറമേ ന്യുമോണിയ കൂടി പിടിപെട്ടവരാണ് അധികവും ബേൺസ്റ്റീൻ വ്യക്തമാക്കി. ബീജിങ്ങിന്റെ കിഴക്കൻ മേഖലയിലെ സ്വകാര്യ ആശുപത്രിയായ ബീജീങ് യുണൈറ്റഡ് ഫാമിലി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബേൺസ്റ്റീൻ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ബേൺസ്റ്റീൻ രാജ്യത്തെ ദാരുണചിത്രം വിവരിച്ചത്.
ആശുപത്രികളിലെ പനി ക്ലിനിക്കുകളും മറ്റ് വാർഡുകളുമെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് മടങ്ങാനാകുന്നില്ല. അതുകൊണ്ടു തന്നെ അഡ്മിഷൻ വേണ്ടി വരുന്ന പുതിയ രോഗികളെ ഉൾക്കൊളളാനാകാത്ത സ്ഥിതിയാണ്.
സാധാരണ നിലയിലേതിലും ആറ് മടങ്ങോളം അധികം രോഗികളെയാണ് ദിവസവും ആശുപത്രികളിൽ ചികിത്സിക്കേണ്ടി വരുന്നതെന്ന് ബീജിങ്ങിലെ റാഫ്‌ലെസ് സ്വകാര്യ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സോണിയ ജുറ്റാർഡ് ബൗറൗ പറഞ്ഞു.
ആശുപത്രിയിലെ ജീവനക്കാർക്കും കൂട്ടത്തോടെ വൈറസ് ബാധിക്കുന്നത് വെല്ലുവിളി ഇരട്ടിയാക്കുന്നതായി
സിയാനിലെ ഒരു നഴ്‌സ് വെളിപ്പെടുത്തി. ചെറിയ പനിയാണെങ്കിലും കോവിഡ് പോസിറ്റീവ് ആണെങ്കിലും ഡ്യൂട്ടി എടുക്കാനും ചില ആശുപത്രികൾ നിർദ്ദേശിച്ചിട്ടുളളതായും ആരോഗ്യ പ്രവർത്തകർ പറയുന്നു. 16 മണിക്കൂറോളമാണ് ഡോക്ടർമാർക്കും നഴ്‌സുമാർക്കും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നത്.
ദിനംപ്രതി 5000 ത്തോളം പേർ ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നതായിട്ടാണ് പുറത്തുവരുന്ന കണക്കുകൾ. ആരോഗ്യ പ്രവർത്തകരുടെ ആശങ്കകളോട് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷനോട് ആരാഞ്ഞെങ്കിലും പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.











