തൃശൂർ: എംപിയായിരിക്കെ തുടക്കം കുറിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ സുരേഷ് ഗോപി നേരിട്ടെത്തി. അവിണിശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കിയ പദ്ധതികളാണ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തത്. നാട്ടുകാരുടെ ദീർഘകാലമായുളള സ്വപ്‌ന പദ്ധതികളാണ് യാഥാർത്ഥ്യമായത്. അതുകൊണ്ടു തന്നെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനും മറ്റൊരാളെ കൊണ്ടുവരാൻ നാട്ടുകാർ തയ്യാറായില്ല.
അവിണിശ്ശേരിയിലെ പതിനൊന്നാം വാർഡ് പൊട്ടംതടത്തിൽ ബ്രാഞ്ച് റോഡും ഇതേ വാർഡിൽ തന്നെയുളള ബാലസമാജം റോഡും ആണ് നിർമാണം പൂർത്തിയാക്കി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികൾ. ഇതോടൊപ്പം നാലിടങ്ങളിൽ സ്ഥാപിച്ച മീഡിയം മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും സുരേഷ് ഗോപി നിർവ്വഹിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം. അവിണിശ്ശേരി പഞ്ചായത്തിൽ ഇതുൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് സുരേഷ് ഗോപി തുടക്കമിട്ടിരുന്നു. എംപി ഫണ്ടിൽനിന്ന്50 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി പുതിയ കെട്ടിടം, 27 ലക്ഷം രൂപ ചിലവഴിച്ച് ഒമ്പതാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടി പകൽവീട് കെട്ടിടം തുടങ്ങി നിരവധി വികസനമാണ് അദ്ദേഹം അവിണിശ്ശേരിക്ക് സമ്മാനിച്ചിട്ടുളളത്.
കഴിഞ്ഞ ഏപ്രിലിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭ കാലാവധി പൂർത്തിയായത്. എംപിയായിരിക്കെ കേരളത്തിന്റെ വിവിധ മേഖലകളിലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് സുരേഷ് ഗോപി യാഥാർത്ഥ്യമാക്കിയത്. ആദിവാസി ഊരുകളിലെ ശോച്യാവസ്ഥയുൾപ്പെടെയുളള കാര്യങ്ങൾ അദ്ദേഹം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.
Discussion about this post