Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

‘അമ്മ’, പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ നൂറാം ജൻമദിനത്തിൽ എഴുതിയ കുറിപ്പ്

by Brave India Desk
Dec 30, 2022, 07:59 am IST
in Article
Share on FacebookTweetWhatsAppTelegram

അമ്മ – നിഘണ്ടുവിലെ മറ്റേതൊരു പദവും പോലെയല്ല ഇത്. വികാരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പദമാണിത് – സ്നേഹം, ക്ഷമ, വിശ്വാസം, അങ്ങനെ ഒരുപാടര്‍ത്ഥങ്ങള്‍. ലോകമെമ്പാടും, ഏതു രാജ്യത്തായാലും നാട്ടിലായാലും, കുട്ടികള്‍ക്ക് അമ്മമാരോടു സവിശേഷമായ ഒരിഷ്ടമുണ്ട്. അമ്മ കുട്ടികളെ പ്രസവിക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ മനസ്സും വ്യക്തിത്വവും ആത്മവിശ്വാസവും രൂപപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍, അമ്മമാര്‍ നിസ്വാര്‍ത്ഥരായി അവരുടെ സ്വന്തം ആവശ്യങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇന്ന്, എന്റെ അമ്മ ശ്രീമതി ഹീരാബതന്റെ നൂറാം വയസ്സിലേക്കു കടക്കുകയാണ് എന്ന വിശേഷം പങ്കുവയ്ക്കാന്‍ ഭാഗ്യമുണ്ടായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് അവരുടെ ജന്മശതാബ്ദി വര്‍ഷമാണ്. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. എന്റെ അമ്മയുടെ ശതാബ്ദി വര്‍ഷമാണ് തുടങ്ങുന്നത് എന്നതിനാല്‍ 2022 വളരെ പ്രത്യേകതയുള്ള വര്‍ഷമാണ്; എന്റെ അച്ഛന്‍ അത് പൂര്‍ത്തിയാക്കുമായിരുന്നു.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

കഴിഞ്ഞയാഴ്ച, എന്റെ അനന്തരവന്‍ ഗാന്ധിനഗറില്‍ നിന്നുള്ള അമ്മയുടെ കുറച്ചു വീഡിയോകള്‍ പങ്കിട്ടു. അവിടത്തെ കുറച്ചു ചെറുപ്പക്കാര്‍ വീട്ടില്‍ വന്നിരുന്നു. അച്ഛന്റെ ചിത്രം കസേരയില്‍ വച്ചിരിക്കുന്നു. ഒരു കീര്‍ത്തനം കേള്‍ക്കുന്നുണ്ട്. അമ്മ മഞ്ജീര വായിച്ച് ഭജന ആലപിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. അവര്‍ ഇപ്പോഴും അങ്ങനെതന്നെയാണ് – പ്രായം ശരീരത്തെ ബാധിച്ചിരിക്കാം; പക്ഷേ അവര്‍ എന്നത്തേയും പോലെ മനസ്സുകൊണ്ടു ജാഗരൂകയാണ്.

മുമ്പ്, ഞങ്ങളുടെ കുടുംബത്തില്‍ ജന്മദിനം ആഘോഷിക്കുന്ന പതിവില്ലായിരുന്നു. എങ്കിലും, എന്റെ അച്ഛന്റെ ജന്മദിനത്തില്‍, യുവതലമുറയിലെ കുട്ടികള്‍ 100 മരങ്ങള്‍ നട്ടുപിടിപ്പിച്ചു.

എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും എന്റെ സ്വഭാവത്തിലെ നല്ലതുമെല്ലാം എന്റെ മാതാപിതാക്കളാലാണു കിട്ടിയത് എന്നു പറയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇന്ന്, ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍, പോയകാലത്തിന്റെ ഓര്‍മ്മകളാല്‍ മനസ് നിറയുകയാണ്.

എന്റെ അമ്മ അസാധാരണമാംവിധം ലാളിത്യമുള്ള വ്യക്തിയാണ്; എല്ലാ അമ്മമാരെയും പോലെ! ഞാന്‍ എന്റെ അമ്മയെക്കുറിച്ച് എഴുതുമ്പോള്‍, നിങ്ങളില്‍ പലരും അവരെക്കുറിച്ചുള്ള എന്റെ വിവരണവുമായി പൊരുത്തപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വായിക്കുമ്പോള്‍ സ്വന്തം അമ്മയുടെ ചിത്രം പോലും കണ്ടേക്കാം.

അമ്മയുടെ തപസ്സാണ് ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്. അവളുടെ വാത്സല്യം ഒരു കുട്ടിയില്‍ മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും നിറയ്ക്കുന്നു. അമ്മ ഒരു വ്യക്തിയോ വ്യക്തിത്വമോ അല്ല. മാതൃത്വം ഒരു ഗുണമാണ്. ദൈവങ്ങളെ അവരുടെ ഭക്തരുടെ സ്വഭാവമനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പറയാറുണ്ട്. അതുപോലെ, നമ്മുടെ സ്വന്തം സ്വഭാവത്തിനും മാനസികാവസ്ഥയ്ക്കും അനുസരിച്ച് നമ്മുടെ അമ്മമാരെയും അവരുടെ മാതൃത്വത്തെയും നാം അനുഭവിക്കുന്നു.

എന്റെ അമ്മ ജനിച്ചത് ഗുജറാത്തിലെ മെഹ്സാനയിലെവിസ്‌നഗറിലാണ്. അത് എന്റെ ജന്മനാടായ വഡ്‌നഗറിനോട് വളരെ അടുത്തുള്ള പ്രദേശമാണ്. സ്വന്തം അമ്മയുടെ വാത്സല്യം അവര്‍ക്കു ലഭിച്ചില്ല. സ്പാനിഷ് ഫ്ലൂ മഹാമാരിയെത്തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ അവര്‍ക്ക് എന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടു. അമ്മൂമ്മയുടെ മുഖമോ അവരുടെ മടിയിലെ സുഖമോ പോലും എന്റെ അമ്മയ്ക്ക് ഓര്‍മ്മയില്ല. കുട്ടിക്കാലം മുഴുവന്‍ അവര്‍ അമ്മയില്ലാത്ത കുട്ടിയായി ചെലവഴിച്ചു. ഞങ്ങളെല്ലാവരും ചെയ്യുന്നതുപോലെ അവര്‍ക്ക് അവരുടെ അമ്മയോടു ദേഷ്യപ്പെടാന്‍ കഴിഞ്ഞില്ല. ഞങ്ങളെപ്പോലെ അമ്മയുടെ മടിയില്‍ അവര്‍ക്ക് വിശ്രമിക്കാനും കഴിഞ്ഞില്ല. സ്‌കൂളില്‍ പോയി എഴുത്തും വായനയും പഠിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ ബാല്യം ദാരിദ്ര്യവും ഇല്ലായ്മയും നിറഞ്ഞ ഒന്നായിരുന്നു.

ഇന്നത്തെ അപേക്ഷിച്ച്, അമ്മയുടെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരുപക്ഷേ, ഇതായിരിക്കാംസര്‍വ്വശക്തന്‍ അവള്‍ക്കായി വിധിച്ചിരുന്നത്. ഇത് ദൈവഹിതമാണെന്ന് അമ്മയും വിശ്വസിക്കുന്നു. എന്നാല്‍ കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടത്, അമ്മയുടെ മുഖം പോലും കാണാന്‍ കഴിയാത്തത് അവരെ വേദനിപ്പിച്ചു.

ഈ പ്രതിസന്ധികള്‍ കാരണം അമ്മയ്ക്ക് കുട്ടിക്കാലം അധികം ലഭിച്ചില്ല. പ്രായത്തിനപ്പുറമുള്ള തലത്തിലേക്കു മാറാന്‍ അവര്‍ നിര്‍ബന്ധിതയായി. അവരുടെ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നതിനാല്‍, അവര്‍ വിവാഹശേഷം മൂത്ത മരുമകളായി. കുട്ടിക്കാലത്ത്, അവര്‍ കുടുംബത്തെ മുഴുവന്‍ പരിപാലിക്കുകയും എല്ലാ ജോലികളും കൈകാര്യം ചെയ്യുകയും ചെയ്തു. വിവാഹത്തിന് ശേഷവും ഈ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്തു. കഠിനമായ ഉത്തരവാദിത്വങ്ങളും ദൈനംദിന പോരാട്ടങ്ങളും ഉണ്ടായിരുന്നിട്ടും, അമ്മ മുഴുവന്‍ കുടുംബത്തെയും ശാന്തമായും ധൈര്യത്തോടെയുംചേര്‍ത്തുപിടിച്ചു.

വഡ്‌നഗറില്‍, ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് ഒരു ജനല്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ്. കക്കൂസോ കുളിമുറിയോ പോലും ഇല്ലായിരുന്നു. മണ്‍ഭിത്തികളും മേല്‍ക്കൂരയില്‍ കളിമണ്‍ ഓടുകളുമുള്ള ഈ ഒറ്റമുറി വാസസ്ഥലത്തെ ഞങ്ങള്‍ ഞങ്ങളുടെ വീട് എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ എല്ലാവരും – എന്റെ മാതാപിതാക്കളും എന്റെ സഹോദരങ്ങളും ഞാനും അതില്‍ താമസിച്ചു.

അമ്മയ്ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാന്‍ അച്ഛന്‍ മുളയും മരപ്പലകയും കൊണ്ട് ഒരു ‘മച്ചാന്‍’ ഉണ്ടാക്കി. ഇതായിരുന്നു ഞങ്ങളുടെ അടുക്കള. അമ്മ പാചകം ചെയ്യാന്‍ മച്ചാനില്‍ കയറും, കുടുംബം മുഴുവന്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കും.

സാധാരണയായി, ക്ഷാമം സമ്മര്‍ദത്തിലേക്കാണു നയിക്കുക. എങ്കിലും, ദൈനംദിന ജീവിതപോരാട്ടങ്ങളില്‍ നിന്നുള്ള ഉത്കണ്ഠ കുടുംബാന്തരീക്ഷത്തെ കീഴടക്കാന്‍ എന്റെ മാതാപിതാക്കള്‍ ഒരിക്കലും അനുവദിച്ചില്ല. എന്റെ മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിഭജിക്കുകയും അവ നിറവേറ്റുകയും ചെയ്തു.

ഒരു ക്ലോക്ക് പ്രവര്‍ത്തിക്കുന്നതുപോലെ, അച്ഛന്‍ വെളുപ്പിന് നാല് മണിക്ക് ജോലിക്ക് പോകും. സമയം 4മണിയായെന്നും ദാമോദര്‍ കാക്ക ജോലിക്ക് പോകുകയാണെന്നും അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ അയല്‍വാസികളോട് പറയും. തന്റെ ചെറിയ ചായക്കട തുറക്കുന്നതിന് മുമ്പ് പ്രാദേശിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു മറ്റൊരു ദൈനംദിന ചടങ്ങ്.

അമ്മയും അതേപോലെ കൃത്യനിഷ്ഠ പാലിച്ചു. അവരും എന്റെ അച്ഛനോടൊപ്പം ഉണരും. രാവിലെ തന്നെ പല ജോലികളും പൂര്‍ത്തിയാക്കും. ധാന്യങ്ങള്‍ പൊടിക്കുന്നത് മുതല്‍ അരിയും പരിപ്പും അരിച്ചെടുക്കുന്നത് വരെ അമ്മയ്ക്ക് സഹായമുണ്ടായിരുന്നില്ല. ജോലി ചെയ്യുമ്പോള്‍ അവര്‍ അവരുടെ പ്രിയപ്പെട്ട ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കും. നര്‍സി മേത്ത ജിയുടെ ജനപ്രിയ ഭജന്‍ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒന്നാണ് – ‘ജല്‍കമല്‍ ഛഡിജാനേ ബാല, സ്വാമി അമരോജാഗ്സെ’. ‘ശിവാജി നുഹലാര്‍ഡു’ എന്ന താരാട്ടും അവര്‍ക്കിഷ്ടമായിരുന്നു.

മക്കളായ ഞങ്ങള്‍ പഠനം ഉപേക്ഷിച്ച് വീട്ടുജോലികളില്‍ സഹായിക്കുമെന്ന് അമ്മ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ ഞങ്ങളോട് സഹായം പോലും ചോദിച്ചില്ല. എന്നിരുന്നാലും, അമ്മയുടെ കഠിനാധ്വാനം കണ്ടപ്പോള്‍, അവരെ സഹായിക്കുക എന്നത് ഞങ്ങളുടെ പ്രധാന കടമയായി ഞങ്ങള്‍ കരുതി. നാട്ടിലെ കുളത്തില്‍ നീന്തുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുകൊണ്ട് വീട്ടില്‍ നിന്ന് മുഷിഞ്ഞ തുണികളെല്ലാം എടുത്ത് കുളത്തിനരികെ അലക്കുക പതിവായിരുന്നു. തുണി അലക്കലും എന്റെ കളിയും രണ്ടും ഒരുമിച്ചായിരുന്നു.

വീട്ടുചെലവുകള്‍ക്കായി അമ്മ ചില വീടുകളില്‍ പാത്രങ്ങള്‍ കഴുകുമായിരുന്നു. ഞങ്ങളുടെ തുച്ഛമായ വരുമാനം നികത്താന്‍ അവര്‍ ചര്‍ക്ക കറക്കാനും സമയം കണ്ടെത്തും. പഞ്ഞിയുടെ തൊലി കളയുന്നത് മുതല്‍ നൂല്‍ നൂല്‍ക്കുന്നത് വരെ അവര്‍ ചെയ്യുമായിരുന്നു. എല്ലുമുറിയെ ഉള്ള ഈ ജോലിയിലും, അവരുടെ പ്രധാന ആശങ്ക പരുത്തി മുള്ളുകള്‍ നമ്മെ കുത്തിനോവിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു.

മറ്റുള്ളവരെ ആശ്രയിക്കുന്നതോ തന്റെ ജോലി ചെയ്യാന്‍ മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നതോ അമ്മ ഒഴിവാക്കി. മണ്‍സൂണ്‍ ഞങ്ങളുടെ മണ്‍വീടിന് എല്ലായ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും, ഞങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് അമ്മ ഉറപ്പുവരുത്തി. ജൂണിലെ കൊടും ചൂടില്‍ അവര്‍ ഞങ്ങളുടെ മണ്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറി ഓടുകള്‍ നന്നാക്കും. എന്നിരുന്നാലും, അവളുടെ ധീരമായപ്രയത്‌നങ്ങള്‍ക്കിടയിലും, ഞങ്ങളുടെ വീടിന് മഴയുടെ ആക്രമണം താങ്ങാന്‍ കഴിയാത്തത്ര പ്രായമുണ്ടായിരുന്നു.

മഴക്കാലത്ത് ഞങ്ങളുടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും വീടിനുള്ളില്‍ വെള്ളം കയറുകയും ചെയ്യും. മഴവെള്ളം ശേഖരിക്കാന്‍ അമ്മ ചോര്‍ച്ചയുള്ളിടത്തു ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരിക്കും. അടുത്ത കുറച്ച് ദിവസത്തേക്ക് അമ്മ ഈ വെള്ളം ഉപയോഗിക്കുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ജലസംരക്ഷണത്തിന് ഇതിലും നല്ല ഉദാഹരണം വേറെന്തുണ്ട്!

വീട് അലങ്കരിക്കാന്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നു, അത് വൃത്തിയാക്കാനും മനോഹരമാക്കാനും ധാരാളം സമയം ചെലവഴിക്കും. അവര്‍ ചാണകം തറയില്‍ മെഴുകും. ചാണകവറളി കത്തിക്കുമ്പോള്‍ ധാരാളം പുക വമിക്കുമായിരുന്നു. അവ ഉപയോഗിച്ച് ജനലുകളില്ലാത്ത ഞങ്ങളുടെ വീട്ടില്‍ അമ്മ പാചകം ചെയ്യുമായിരുന്നു! ചുവരുകള്‍ പുകയാല്‍ കറുത്തുപോകുകയും പുതുതായി വെള്ളയടിക്കല്‍ ആവശ്യമായി വരികയും ചെയ്യും. ഇതും അമ്മ ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ സ്വയം ചെയ്യുമായിരുന്നു. ഇത് ഞങ്ങളുടെ തകര്‍ന്ന വീടിന് പുതുമയുടെ ഗന്ധം നല്‍കിയിരുന്നു. വീട് അലങ്കരിക്കാന്‍ അവര്‍ ചെറിയ ചെറിയകളിമണ്‍ പാത്രങ്ങളും ഉണ്ടാക്കും. പഴയ വീട്ടുപകരണങ്ങള്‍ പുനഃചംക്രമണം ചെയ്യുന്ന പ്രസിദ്ധമായ ഇന്ത്യന്‍ ശീലത്തില്‍ അവര്‍ ഒരു ജേതാവായിരുന്നു.

അമ്മയുടെ മറ്റൊരു സവിശേഷ ശീലം ഞാന്‍ ഓര്‍ക്കുന്നു. പഴയ കടലാസും പുളിയും വെള്ളത്തില്‍ മുക്കി അവള്‍ പശ പോലെയുള്ള പേസ്റ്റ് ഉണ്ടാക്കും. ഈ പേസ്റ്റ് ഉപയോഗിച്ച് ചുവരുകളില്‍ കണ്ണാടി കഷണങ്ങള്‍ ഒട്ടിച്ച് അവര്‍ മനോഹരമായ പെയിന്റിംഗുകള്‍ സൃഷ്ടിക്കും. വാതിലില്‍ തൂക്കാന്‍ ചന്തയില്‍ നിന്ന് ചെറിയ അലങ്കാര വസ്തുക്കളും അവര്‍ക്കു കിട്ടുമായിരുന്നു.

കിടക്ക വൃത്തിയുള്ളതും ശരിയായ രീതിയില്‍ വിരിച്ചതുമായിരിക്കണമെന്ന് അമ്മയ്ക്ക് പ്രത്യേകം നിഷ്‌കര്‍ഷയുണ്ടായിരുന്നു. കിടക്കയില്‍ ഒരു പൊടി പോലും അവര്‍ സഹിക്കില്ല. നേരിയ ചുളിവുണ്ടായാല്‍ അവര്‍ കിടക്ക വീണ്ടും ശുചിയാക്കുമായിരുന്നു. ഞങ്ങളെല്ലാം ഈ ശീലത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധാലുക്കളായിരുന്നു. ഇന്നും, ഈ പ്രായത്തിലും, തന്റെ കിടക്കയില്‍ ഒരു ചുളിവു പോലും ഉണ്ടാകരുതെന്ന് അമ്മ പ്രതീക്ഷിക്കുന്നു!

പൂര്‍ണതയ്ക്കായുള്ള ഈ പരിശ്രമം ഇപ്പോഴും നിലനില്‍ക്കുന്നു. ഗാന്ധിനഗറില്‍ എന്റെ സഹോദരന്റെയും മരുമകന്റെയും കുടുംബങ്ങള്‍ക്കൊപ്പമാണ് അവള്‍ താമസിക്കുന്നതെങ്കിലും, ഈ പ്രായത്തിലും അവര്‍ തന്റെ എല്ലാ ജോലികളും സ്വയം ചെയ്യാന്‍ ശ്രമിക്കുന്നു.

ശുചിത്വത്തില്‍ അവരുടെ ശ്രദ്ധ ഇന്നും പ്രകടമാണ്. ഞാന്‍ അവരെ കാണാന്‍ ഗാന്ധിനഗറില്‍ പോകുമ്പോഴെല്ലാം അവര്‍ സ്വന്തം കൈകൊണ്ട് എനിക്ക് മധുരപലഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഒരു കൊച്ചുകുട്ടിയെ വൃത്തിയാക്കുന്ന അമ്മയെപ്പോലെ അവര്‍ ഒരു നാപ്കിന്‍ എടുത്ത് എന്റെ മുഖം തുടക്കും. അവര്‍ എപ്പോഴും ഒരു തൂവാലയോ ചെറിയ ടവ്വലോ അവരുടെ സാരിയില്‍ തിരുകിവയ്ക്കാറുണ്ട്.

വൃത്തിയില്‍ ശ്രദ്ധയൂന്നുന്നതിനെക്കുറിച്ചുള്ള അമ്മയുടെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്ന പല സംഭവങ്ങളും എനിക്കു പറയാന്‍ കഴിയും. അവര്‍ക്ക് മറ്റൊരു ഗുണമുണ്ടായിരുന്നു – ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടുള്ള ആഴത്തിലുള്ള ബഹുമാനം. ഞാന്‍ ഓര്‍ക്കുകയാണ്, വഡ്‌നഗറിലെ ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള ഡ്രെയിന്‍ വൃത്തിയാക്കാന്‍ ആരെങ്കിലും വരുമ്പോള്‍ ചായ കൊടുക്കാതെ അമ്മ അവരെ പോകാന്‍ അനുവദിച്ചിരുന്നില്ല. ‘സഫായികര്‍മചാരി’കള്‍ക്കിടയില്‍ ജോലി കഴിഞ്ഞു കിട്ടുന്ന ചായയ്ക്ക്  ഞങ്ങളുടെ വീട്  പ്രശസ്തമായി.

ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന അമ്മയുടെ മറ്റൊരു ശീലം മറ്റ് ജീവജാലങ്ങളോടുള്ള അവരുടെ പ്രത്യേക വാത്സല്യമാണ്. എല്ലാ വേനലിലും അവര്‍ പക്ഷികള്‍ക്കായി ജലപാത്രങ്ങള്‍ വെക്കും. ഞങ്ങളുടെ വീടിന് ചുറ്റുമുള്ള തെരുവ് നായ്ക്കള്‍ക്ക് ഒരിക്കലും വിശക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തി.

അച്ഛന്‍ ചായക്കടയില്‍ നിന്ന് തിരികെ കൊണ്ടുവരുന്ന ക്രീം കൊണ്ട് അമ്മ രുചികരമായ നെയ്യ് ഉണ്ടാക്കും. ഈ നെയ്യ് നമ്മുടെ ഉപഭോഗത്തിന് മാത്രമായിരുന്നില്ല. ഞങ്ങളുടെ അയല്‍പക്കത്തുള്ള പശുക്കള്‍ക്കും അവരുടെ വിഹിതത്തിന് അര്‍ഹതയുണ്ടായിരുന്നു. അമ്മ എല്ലാ ദിവസവും പശുക്കള്‍ക്ക് റൊട്ടി കൊടുക്കും. ഉണങ്ങിയ റൊട്ടി കൊടുക്കുന്നതിനുപകരം, വീട്ടില്‍ ഉണ്ടാക്കിയ നെയ്യും സ്നേഹവും കൊണ്ട് അവര്‍ അത് വിതരണം ചെയ്തു.

ഭക്ഷണത്തിന്റെ ഒരു തരി പോലും പാഴാക്കരുതെന്ന് അമ്മ നിര്‍ബന്ധിച്ചു. ഞങ്ങളുടെ അയല്‍പക്കത്ത് കല്യാണസദ്യഉണ്ടാകുമ്പോഴെല്ലാം ഭക്ഷണം പാഴാക്കരുതെന്ന് അവര്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കും. വീട്ടില്‍ വ്യക്തമായ ഒരു നിയമം ഉണ്ടായിരുന്നു – നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നത്ര മാത്രം എടുക്കുക എന്ന്. ഇന്നും അമ്മ താലിയില്‍ കഴിക്കാന്‍ പറ്റുന്നത്ര ഭക്ഷണം മാത്രമേഎടുക്കാറുള്ളൂ. ഒരു കഷണം പോലും പാഴാക്കില്ല. കൃത്യമായ ശീലങ്ങളുള്ള ഒരു മനുഷ്യജീവിയെന്ന നിലയില്‍, അവര്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കാന്‍ ചവച്ചരച്ചു കഴിക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തും. ഞങ്ങളുടെ വീട് ചെറുതായിരിക്കാം, പക്ഷേ അവര്‍ വളരെ വിശാലഹൃദയയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്ത് അടുത്ത ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെആകസ്മിക മരണശേഷം, എന്റെ പിതാവ് സുഹൃത്തിന്റെ മകന്‍ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവന്‍ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂര്‍ത്തിയാക്കി. ഞങ്ങളുടെ എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാത്സല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അവര്‍ അവന്റെഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കുമായിരുന്നു. ഉത്സവദിവസങ്ങളില്‍ അയല്‍പക്കത്തെ കുട്ടികള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് അമ്മയുടെ പ്രത്യേക ഒരുക്കങ്ങള്‍ ആസ്വദിക്കുന്നത് പതിവായിരുന്നു.

ഒരു സന്ന്യാസി ഞങ്ങളുടെ അയല്‍പക്കത്ത് വരുമ്പോഴെല്ലാം അമ്മ അവരെ ഞങ്ങളുടെ എളിയ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമായിരുന്നു. അവരുടെ നിസ്വാര്‍ത്ഥ സ്വഭാവം അനുസരിച്ച്, തനിക്കായി എന്തെങ്കിലും ചോദിക്കുന്നതിനുപകരം കുട്ടികളായ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അവര്‍ സന്ന്യാസിമാരോട് അഭ്യര്‍ത്ഥിക്കും. ”എന്റെ മക്കളെ അനുഗ്രഹിക്കൂ, അങ്ങനെ അവര്‍ മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ സന്തുഷ്ടരും അവരുടെ സങ്കടങ്ങളില്‍ സഹാനുഭൂതിയും ഉള്ളവരായിരിക്കും. അവര്‍ക്ക് ഭക്തിയും (ദൈവത്തോടുള്ള ഭക്തിയും) സേവനാമനോഭാവവും (മറ്റുള്ളവര്‍ക്കുള്ള സേവനം) ഉണ്ടാകട്ടെ.” എന്ന് അമ്മ പറയുമായിരുന്നു.

അമ്മയ്ക്ക് എപ്പോഴും എന്നിലും അവര്‍ പകര്‍ന്നുതന്ന സംസ്‌കാരങ്ങളിലും എന്നും വിശ്വാസമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചരുന്നപ്പോഴുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളുമായി വളരെ തിരക്കിലായിരുന്നതിനാല്‍ എന്റെ കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നില്ല. ആ കാലത്ത് എന്റെ ജ്യേഷ്ഠന്‍ അമ്മയെ ബദരീനാഥ് ജിയുടെയും കേദാര്‍നാഥ് ജിയുടെയും അടുത്തേക്ക് കൊണ്ടുപോയി. ബദരീനാഥ് ജിയില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ എന്റെ അമ്മ കേദാര്‍നാഥ് ജി സന്ദര്‍ശിക്കുമെന്ന് അവിടുത്തെ പ്രദേശവാസികള്‍ അറിഞ്ഞു.

എന്നാല്‍, കാലാവസ്ഥ പെട്ടെന്ന് മോശമായി മാറി. ചിലര്‍ പുതപ്പുമായി താഴേ ഇറങ്ങി വന്നു. അവര്‍ റോഡരികിലെ പ്രായമായ സ്ത്രീകളോടെല്ലാം നരേന്ദ്രമോദിയുടെ അമ്മയാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ അമ്മയെ കണ്ടു, പുതപ്പും ചായയും കൊടുത്തു. കേദാര്‍നാഥിൽ അമ്മയ്ക്ക് താമസിക്കാന്‍ സുഖകരമായ സൗകര്യമൊരുക്കി. ഈ സംഭവം അമ്മയില്‍ ആഴത്തിലുള്ള മതിപ്പുണ്ടാക്കി. ”ആളുകള്‍ നിന്നെ തിരിച്ചറിയുന്നതുപോലെയുള്ള കുറച്ച് നല്ല ജോലികള്‍ നീ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു” എന്ന് പിന്നീട് എന്നെ കണ്ടുമുട്ടിയപ്പോള്‍ അമ്മ പറഞ്ഞു, .

ഇന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ മകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതില്‍ അഭിമാനിക്കുന്നുണ്ടോ എന്ന് ആളുകള്‍ അവരോട് ചോദിക്കുമ്പോഴെല്ലാം, അമ്മ വളരെ ആഴത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ”ഞാനും നിങ്ങളെപ്പോലെ അഭിമാനിക്കുന്നു. ഒന്നും എന്റേതല്ല. ദൈവത്തിന്റെ പദ്ധതികളിലെ ഒരു ഉപകരണം മാത്രമാണ് ഞാന്‍” എന്ന് അവര്‍ പറയും.

ഒരു ഗവണ്‍മെന്റ് പരിപാടിക്കും പൊതു പരിപാടിക്കും അമ്മ ഒരിക്കലും എന്നെ അനുഗമിക്കാറില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മുമ്പ് രണ്ട് തവണ മാത്രമാണ് അവര്‍ എന്നോടൊപ്പം വന്നിട്ടുള്ളത്. ഞാന്‍ ഏകതാ യാത്ര പൂര്‍ത്തിയാക്കി ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ശ്രീനഗറില്‍ നിന്ന് മടങ്ങിയ ശേഷം അഹമ്മദാബാദിലെ ഒരു പൊതു ചടങ്ങില്‍ അമ്മ പങ്കെടുത്തു, അവിടെ അവര്‍ എന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി.
അമ്മയെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം വികാരഭരിതമായ നിമിഷമായിരുന്നു, കാരണം ഏകതാ യാത്രയുടെ സമയത്ത് ഫഗ്‌വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ കുറച്ച് പേര്‍ മരിച്ചിരുന്നു. ആ സമയത്ത് അവര്‍ വളരെ വിഷമിച്ചു. അപ്പോള്‍ എന്നെ പരിശോധിക്കാന്‍ രണ്ടു പേരെ വിളിച്ചു. ഒരാള്‍ അക്ഷര്‍ധാം ക്ഷേത്രത്തിലെ ശ്രദ്ധേ പ്രമുഖ് സ്വാമിയും, രണ്ടാമത്തേത് അമ്മയുമായിരുന്നു. അവളുടെ ആശ്വാസം പ്രകടമായിരുന്നു.
2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാന്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതാണ് രണ്ടാമത്തെ സംഭവം. രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ആ സത്യപ്രതിജ്ഞാ ചടങ്ങാണ് അമ്മ എന്നോടൊപ്പം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി. അതിനു ശേഷം ഒരു പൊതു പരിപാടിയിലും അവര്‍ എന്നെ അനുഗമിച്ചിട്ടില്ല.

മറ്റൊരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായപ്പോള്‍, എന്റെ എല്ലാ അദ്ധ്യാപകരെയെല്ലാം പരസ്യമായി ആദരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യാപികയെന്നും അതുകൊണ്ട് അവരെ ബഹുമാനിക്കണമെന്നും ഞാന്‍ കരുതി. മാതാവിനേക്കാള്‍ വലിയ ഗുരു ഇല്ലെന്ന് നമ്മുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിക്കുന്നുണ്ട് – ‘നാസ്തി മാതൃ സമോ ഗുരുഃ’. പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ അമ്മയോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അവര്‍ നിരസിച്ചു. ”നോക്കൂ, ഞാന്‍ ഒരു സാധാരണവ്യക്തിയാണ്, ഞാന്‍ നിന്നെ പ്രസവിച്ചിരിക്കാം, പക്ഷേ നിന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും സര്‍വ്വശക്തനാണ്” അവര്‍ പറഞ്ഞു, എന്നാല്‍ അമ്മയ്ക്ക് വേണ്ടി ആ ദിവസം എന്റെ എല്ലാ അദ്ധ്യാപകരെയും ആദരിച്ചു.

അതിനുപുറമെ, ആ പരിപാടിക്ക് മുമ്പ്, ഞങ്ങളുടെ പ്രാദേശിക അദ്ധ്യാപകനായ ജേതാഭായ് ജോഷി ജിയുടെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് അവര്‍ അന്വേഷിച്ചു. എന്റെ ആദ്യകാല പഠനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന അദ്ദേഹമാണ് എന്നെ, അക്ഷരമാല പോലും പഠിപ്പിച്ചത്. അദ്ദേഹം മരിച്ചുപോയി എന്നറിയാമായിരുന്നിട്ടും അവര്‍ അദ്ദേഹത്തെ ഓര്‍ത്തു. അവര്‍ പരിപാടിക്ക് വന്നില്ലെങ്കിലും, ജേതാഭായ് ജോഷി ജിയുടെ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും ഞാന്‍ വിളിച്ചെന്ന് അവര്‍ ഉറപ്പാക്കി.
ഔപചാരികമായി പഠിപ്പിക്കാതെ പഠിക്കാന്‍ കഴിയുമെന്ന് അമ്മ എനിക്ക് മനസ്സിലാക്കി തന്നു. അവരുടെ ചിന്താ പ്രക്രിയയും ദീര്‍ഘവീക്ഷണത്തോടെയുള്ള ചിന്തയും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരു പൗരയെന്ന നിലയിലെ അവരുടെ കടമകളെക്കുറിച്ച് അവര്‍ എപ്പോഴും ബോധവതിയായിരുന്നു. തെരഞ്ഞെടുപ്പ് ആരംഭിച്ച കാലം തൊട്ട്, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അേവര്‍ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ പോയിരുന്നു.

പൊതുജനങ്ങളുടെയും സര്‍വശക്തന്റെയും അനുഗ്രഹം ഉള്ളതിനാല്‍ എനിക്ക് ഒന്നും സംഭവിക്കില്ലെന്ന് അവര്‍ പലപ്പോഴും എന്നോട് പറയാറുണ്ട്. ഞാന്‍ ജനങ്ങളെ സേവിക്കുന്നത് തുടരണമെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും വ്യക്തിപരമായ സൗഖ്യം ഉറപ്പാക്കുകയും വേണമെന്ന് അവര്‍ എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.

മുന്‍പ് ചതുര്‍മാസ ആചാരങ്ങള്‍, അമ്മ കര്‍ശനമായി പാലിക്കുമായിരുന്നു. നവരാത്രി കാലത്തെ എന്റെ സ്വന്തം ശീലങ്ങളും അവര്‍ക്കറിയാം. ഞാന്‍ വളരെക്കാലമായി ഈ കര്‍ശനമായ വ്യക്തിഗത നിയമങ്ങള്‍ പിന്തുടരുന്നതിനാല്‍ ഞാന്‍ ഈ കര്‍ശനമായ നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് ഇപ്പോള്‍, അവര്‍ എന്നോട് പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ഒരിക്കലെങ്കിലും അമ്മ പരാതിപ്പെടുന്നത് ഞാന്‍ കേട്ടിട്ടില്ല. അവര്‍ ആരെക്കുറിച്ചും പരാതിപ്പെടാറുമില്ല, ആരില്‍ നിന്നും ഒരു പ്രതീക്ഷയും കാത്തുസൂക്ഷിക്കാറുമില്ല.

ഇന്നും അമ്മയുടെ പേരില്‍ സ്വത്തുക്കളൊന്നുമില്ല. അവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലെന്ന് മാത്രമല്ല, അവര്‍ക്ക് താല്‍പ്പര്യവുമില്ല. മുമ്പത്തെപ്പോലെ, തന്റെ ചെറിയ മുറിയില്‍ അവര്‍ വളരെ ലളിതമായ ഒരു ജീവിതശൈലി നയിക്കുന്നത് തുടരുന്നു..

അമ്മയ്ക്ക് ദൈവത്തില്‍ അപാരമായ വിശ്വാസമുണ്ട്, അതേ സമയം, അവര്‍അന്ധവിശ്വാസങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും അതേ ഗുണങ്ങള്‍ ഞങ്ങളില്‍ വളര്‍ത്തുകയും ചെയ്തു. അവര്‍ പരമ്പരാഗതമായി ഒരു കബീര്‍പന്തിയാണ്, അവരുടെ ദൈനംദിന പ്രാര്‍ത്ഥനകളില്‍ ആ ആചാരങ്ങള്‍ പിന്തുടരുന്നത് തുടരുന്നുമുണ്ട്. തന്റെ മുത്തു മാലയുമായുള്ള ജപത്തിനായി അവര്‍ ധാരാളം സമയം ചെലവഴിക്കുന്നു. നിത്യപൂജയിലും ജപത്തിലും മുഴുകിയ അവര്‍ പലപ്പോഴും ഉറക്കം പോലും ഉപേക്ഷിക്കാറുണ്ട്. ചിലപ്പോള്‍, എന്റെ കുടുംബാംഗങ്ങള്‍ അവര്‍ ഉറങ്ങാന്‍ വേണ്ടി ജപമാലകള്‍ ഒളിച്ചുവയ്ക്കാറുമുണ്ട്.
പ്രായമേറെയായെങ്കിലും അമ്മയ്ക്ക് നല്ല ഓര്‍മശക്തിയുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഭവങ്ങള്‍ അവര്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ചിലപ്പോള്‍ ചില ബന്ധുക്കള്‍ അവരെ സന്ദര്‍ശിക്കുമ്പോഴെല്ലാം, അവര്‍ ഉടന്‍ തന്നെ അവരുടെ മുത്തച്ഛന്റേയും മുത്തശിയുടെയുമൊക്കെ പേരുകള്‍ ഓര്‍മ്മിക്കുകയും അതിനനുസരിച്ച് അവരെ തിരിച്ചറിയുകയും ചെയ്യും.

ലോകത്തിലെ സംഭവവികാസങ്ങള്‍ക്കൊപ്പം ചലിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അവള്‍ ദിവസവും എത്രനേരം ടിവി കാണുമെന്ന് അടുത്തിടെ ഞാന്‍ അവരോട് ചോദിച്ചു. ‘ടി.വിയിലെ ഭൂരിഭാഗം ആളുകളും പരസ്പരം പോരടിക്കുന്ന തിരക്കിലാണെന്നും ശാന്തമായി വാര്‍ത്തകള്‍ വായിക്കുകയും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നവരെ മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും” അവര്‍ മറുപടി നല്‍കി. അമ്മ ഇത്രയധികം കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി.

അവരുടെ വളരെ തീവ്രമായ ഓര്‍മ്മയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. 2017ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശിയില്‍ പ്രചാരണം നടത്തിയ ശേഷം ഞാന്‍ അഹമ്മദാബാദിലേക്ക് പോയി. അവര്‍ക്കായി ഞാന്‍ കുറച്ച് പ്രസാദവും കൊണ്ടുപോയിരുന്നു. ഞാന്‍ അമ്മയെ കണ്ടപ്പോള്‍, പൊടുന്നനെ ഞാന്‍ കാശി വിശ്വനാഥ മഹാദേവനെ വണങ്ങിയോ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. കാശി വിശ്വനാഥ് മഹാദേവ് എന്ന മുഴുവന്‍ പേരാണ് അമ്മ ഇപ്പോഴും ഉപയോഗിക്കുന്നത്.

പിന്നെ സംഭാഷണത്തിനിടയില്‍, ആരുടെയെങ്കിലും വീട്ടുവളപ്പില്‍ ഒരു ക്ഷേത്രം ഉള്ളതുപോലെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴികള്‍ ഇപ്പോഴും അങ്ങനെ തന്നെയാണോ എന്ന് അവര്‍ എന്നോട് ചോദിച്ചു. ആശ്ചര്യപ്പെട്ട ഞാന്‍ എപ്പോഴാണ് അവര്‍ ക്ഷേത്രം സന്ദര്‍ശിച്ചതെന്ന് ചോദിച്ചു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ കാശിയില്‍ പോയിതെന്ന് അവര്‍ വെളിപ്പെടുത്തി എന്നാലും അത്ഭുതകരം എല്ലാം ഓര്‍ത്തിരിക്കുന്നു.

വളരെ സംവേദനക്ഷമതയും കരുതലുമുള്ളവര്‍ മാത്രമുള്ളവരല്ല അമ്മ, കൊച്ചുകുട്ടികളെ ചികിത്സിക്കുന്നതിനുള്ള എണ്ണമറ്റ വീട്ടുവൈദ്യങ്ങള്‍ അവര്‍ക്കറിയാം. ഞങ്ങളുടെ വഡ്‌നഗര്‍ വീട്ടില്‍, എല്ലാ ദിവസവും രാവിലെ, പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൈക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന മാതാപിതാക്കളുടെ നിരയായിരുന്നു.
ചികിത്സയ്ക്കായി അവര്‍ക്ക് പലപ്പോഴും വളരെ നേര്‍ത്ത പൊടി ആവശ്യമായിരുന്നു. ഈ പൊടി ശേഖരിക്കുക എന്നത് ഞങ്ങള്‍ കുട്ടികളുടെ കൂട്ടുത്തരവാദിത്തമായിരുന്നു. അമ്മ ഞങ്ങള്‍ക്ക് അടുപ്പില്‍ നിന്ന് ചാരവും ഒരു പാത്രവും നല്ല തുണിയും തരും. ഈ പാത്രത്തില്‍ ഞങ്ങള്‍ തുണി കെട്ടി അതില്‍ കുറച്ച് ചാരം വയ്ക്കുമായിരുന്നു. എന്നിട്ട് ഞങ്ങള്‍ തുണിയിലെ ചാരത്തില്‍ പതുക്കെ തടവും, അങ്ങനെ ഏറ്റവും സൂക്ഷ്മമായ തരികള്‍ മാത്രം പാത്രത്തില്‍ ശേഖരിക്കപ്പെടും. ” നിങ്ങളുടെ ജോലി നന്നായി ചെയ്യുക. ചാരത്തിന്റെ വലിയ പൊടികൊണ്ട് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്.” എന്ന് അമ്മ ഞങ്ങളോട് പറയുമായിരുന്നു,

അമ്മയുടെ സഹജമായ വാത്സല്യവും മനസാന്നിദ്ധ്യവും പ്രതിഫലിപ്പിക്കുന്ന മറ്റൊരു സംഭവം എനിക്ക് ഓര്‍ക്കാന്‍ കഴിയും. ഒരിക്കല്‍ അച്ഛന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒരു പൂജയ്ക്കായി ഞങ്ങളുടെ കുടുംബം നര്‍മ്മദാ ഘട്ടില്‍ പോയിരുന്നു. കഠിനമായ ചൂട് ഒഴിവാക്കാന്‍, മൂന്ന് മണിക്കൂര്‍ യാത്ര വേണ്ടതിനാല്‍ ഞങ്ങള്‍ അതിരാവിലെ തന്നെ പുറപ്പെട്ടു. ഇറങ്ങിയതിനുശേഷവും കാല്‍നടയായി കുറേദൂരം താണ്ടേണ്ടുണ്ടായിരുന്നു. കൊടും ചൂടായതിനാല്‍ ഞങ്ങള്‍ നദിക്കരവഴി വെള്ളത്തില്‍ നടക്കാന്‍ തുടങ്ങി. വെള്ളത്തിലൂടെ നടക്കുക എളുപ്പമല്ല, അധികംവൈകാതെ ഞങ്ങള്‍ ക്ഷീണിതരായി, വിശപ്പും വര്‍ദ്ധിച്ചു. ഞങ്ങളുടെ അസ്വസ്ഥതകള്‍ അമ്മ പെട്ടെന്ന് ശ്രദ്ധിക്കുകയും, കുറച്ച് സമയം വിശ്രമിക്കാന്‍ അച്ഛനോട് പറയുകയും ചെയ്തു. അടുത്തെവിടെയെങ്കിലും നിന്ന് ശര്‍ക്കര വാങ്ങിവരാനും അവര്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഓടി പോയി ഒരുവിധത്തില്‍ അത് കൊണ്ടുവന്നു. ശര്‍ക്കരയും വെള്ളവും ഞങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം നല്‍കി, ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. തളര്‍ത്തുന്ന ചൂടില്‍ പൂജയ്ക്ക് പോകുമ്പോള്‍, അമ്മയുടെ ജാഗ്രതയും, അച്ഛന്‍ അതിവേഗം ശര്‍ക്കര കൊണ്ടുവരുന്നതും, ആ ഓരോ നിമിഷവും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

അമ്മ മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക മാത്രമല്ല, അവരുടെ മുന്‍ഗണനകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുമെന്നത് കുട്ടിക്കാലം മുതല്‍, ഞാന്‍ ശ്രദ്ധിക്കുന്നതാണ്.. പ്രത്യേകിച്ചും, എന്റെ കാര്യത്തില്‍ അവര്‍ എന്റെ തീരുമാനങ്ങളെ മാനിച്ചു, ഒരിക്കലും തടസ്സങ്ങളൊന്നും സൃഷ്ടിച്ചില്ല, എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍, തന്നെ എന്റെ ഉള്ളില്‍ വ്യത്യസ്തമായ ഒരു മാനസികാവസ്ഥ വളരുന്നതായി അവര്‍ക്ക് തോന്നി. എന്റെ സഹോദരീസഹോദരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അല്‍പ്പം വ്യത്യസ്തനായിരുന്നു.

എന്റെ വ്യതിരിക്തമായ ശീലങ്ങളുടെയും അസാധാരണ പരീക്ഷണങ്ങളുടെയും പ്രത്യേക ആവശ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് പലപ്പോഴും പ്രത്യേക പരിശ്രമങ്ങള്‍ നടത്തേണ്ടിവന്നിരുന്നു. എന്നിരുന്നാലും, അവര്‍ അതിനെ ഒരിക്കലും ഇത് ഒരു ഭാരമായി കണക്കാക്കില്ല, ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചുമില്ല. ഉദാഹരണത്തിന്, ഞാന്‍ പലപ്പോഴും കുറച്ച് മാസത്തേക്ക് ഉപ്പ് ഒഴിവാക്കും, അല്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ ധാന്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കി പാല്‍ മാത്രം കഴിയ്ക്കും. ചിലപ്പോള്‍, ആറുമാസത്തേക്ക് മധുരപലഹാരങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിക്കും. മഞ്ഞുകാലത്ത് ഞാന്‍ തുറസ്സായ സ്ഥലത്ത് ഉറങ്ങുകയും മണ്‍പാത്രത്തിലെ തണുത്ത വെള്ളത്തില്‍ കുളിക്കുകയും ചെയ്യും. ഞാന്‍ എന്നെത്തന്നെ പരീക്ഷിക്കുകയാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, ഒന്നിനേയും എതിര്‍ത്തുമില്ല. ”അത് കുഴപ്പമില്ല, നിന്റെ ഇഷ്ടം പോലെ ചെയ്യുക” എന്ന് അവര്‍ പറയും.

ഞാന്‍ വ്യത്യസ്തമായ ദിശയിലേക്കാണ് പോകുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. ഒരിക്കല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഗിരി മഹാദേവ ക്ഷേത്രത്തില്‍ ഒരു മഹാത്മാവ് വന്നിരുന്നു. വളരെ ഭക്തിയോടെ ഞാന്‍ അദ്ദേഹത്തെ സേവിക്കാന്‍ തുടങ്ങി. അക്കാലത്ത്, സഹോദരിയുടെ വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് അമ്മ അത്യധികം ആവേശഭരിതയായിരുന്നു, പ്രത്യേകിച്ചും അത് അവരുടെ സഹോദരന്റെ വീട് സന്ദര്‍ശിക്കാനുള്ള അവസരം കൂടിയായതിനാല്‍. എന്നാലും വീട്ടുകാരെല്ലാം കല്യാണത്തിന്റെ ഒരുക്കത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞാന്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ പോയി അവരോട് പറഞ്ഞു. അവര്‍ എന്നോട് കാരണം ചോദിച്ചു, മഹാത്മാവിന് ചെയ്യുന്ന എന്റെ സേവനത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചു.

സ്വാഭാവികമായും, ഞാന്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നില്ല എന്നതില്‍ അവര്‍ നിരാശയായിരുന്നു, പക്ഷേ എന്റെ തീരുമാനത്തെ മാനിച്ചു. അവള്‍ പറഞ്ഞു, ”കുഴപ്പമില്ല, ഇഷ്ടം പോലെ ചെയ്യുക” എന്നിരുന്നാലും, വീട്ടില്‍ തനിച്ചായിരിക്കാന്‍ ഞാന്‍ എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് അവള്‍ ആശങ്കാകുലനായിരുന്നു. പോകുന്നതിന് മുമ്പ് എനിക്ക് വിശക്കാതിരിക്കാന്‍ കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണവും ലഘുഭക്ഷണവും അവര്‍ പാകം ചെയ്തു!

ഞാന്‍ വീട്ടില്‍ നിന്ന് പോകാന്‍ തീരുമാനിച്ചപ്പോള്‍, ഞാന്‍ പറയുന്നതിന് മുമ്പ് തന്നെ എന്റെ തീരുമാനം അമ്മ മനസ്സിലാക്കി. എനിക്ക് പുറത്ത് പോയി ലോകത്തെ മനസ്സിലാക്കണമെന്ന് ഞാന്‍ പലപ്പോഴും മാതാപിതാക്കളോട് പറയുമായിരുന്നു. സ്വാമി വിവേകാനന്ദനെക്കുറിച്ച് ഞാന്‍ അവരോട് പറയുകയും രാമകൃഷ്ണ മിഷന്‍ മഠം സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്യും. ഇത് ദിവസങ്ങളോളം തുടര്‍ന്നു.

അവസാനം, ഞാന്‍ വീട്ടില്‍ നിന്ന് പോകാനുള്ള എന്റെ ആഗ്രഹം വെളിപ്പെടുത്തുകയും അവരോട് അനുഗ്രഹം ചോദിക്കുകയും ചെയ്തു. എന്റെ അച്ഛന്‍ അങ്ങേയറ്റം നിരാശനായിരുന്നു, പ്രകോപിതനായി, അദ്ദേഹം എന്നോട് പറഞ്ഞു, ‘നിന്റെ ഇഷ്ടം പോലെ’. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ വീട്ടില്‍ നിന്ന് പോകില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നിരുന്നാലും, അമ്മ എന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി, ‘നിന്റെ മനസ്സ് പറയുന്നതുപോലെ ചെയ്യൂ’ എന്ന് എന്നെ അനുഗ്രഹിച്ചു. എന്റെ അച്ഛനെ സമാധാനിപ്പിക്കാന്‍, അവര്‍ എന്റെ ജാതകം ഒരു ജ്യോതിഷിയെ കാണിക്കാന്‍ ആവശ്യപ്പെട്ടു. ജ്യോതിഷം അറിയാവുന്ന ഒരു ബന്ധുവുമായി അച്ഛന്‍ കൂടിയാലോചിച്ചു. എന്റെ ജാതകം പഠിച്ച ശേഷം ബന്ധു പറഞ്ഞു, ”അവന്റെ വഴി വേറെയാണ്. സര്‍വ്വശക്തന്‍ അവനുവേണ്ടി തെരഞ്ഞെടുത്ത പാതയിലൂടെ മാത്രമേ അവന്‍ പോകുകയുള്ളൂ”.

കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. അപ്പോഴേക്കും അച്ഛന്‍ പോലും എന്റെ തീരുമാനത്തോട് യോജിച്ച് എനിക്ക് അനുഗ്രഹം നല്‍കിയിരുന്നു. പോകുന്നതിന് മുമ്പ്, അമ്മ എനിക്ക് തൈരും ശര്‍ക്കരയും നല്‍കി, ഒരു പുതിയ തുടക്കത്തിനായി. ഇനി മുതല്‍ എന്റെ ജീവിതം തീര്‍ത്തും വ്യത്യസ്തമാകുമെന്ന് അവള്‍ക്കറിയാമായിരുന്നു. അമ്മമാര്‍ അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ വളരെ സമര്‍ത്ഥരായിരിക്കാം, പക്ഷേ അവരുടെ കുട്ടി വീട്ടില്‍ നിന്ന് പോകുമ്പോള്‍ എല്ലായ്‌പ്പോഴും വിഷമമാണ്. അമ്മ കണ്ണുനീരിലായിരുന്നു, പക്ഷേ എന്റെ ഭാവിക്ക് അമ്മയുടെ വലിയ അനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.

ഒരിക്കല്‍ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഞാന്‍ എവിടെയാണെന്നും എങ്ങനെയാണെന്നും നോക്കാതെ അമ്മയുടെ അനുഗ്രഹങ്ങള്‍ മാത്രമായിരുന്നു എന്നില്‍ നിലനിന്നിരുന്നത്. അമ്മ എപ്പോഴും ഗുജറാത്തിയില്‍ സംസാരിക്കും. ഗുജറാത്തി ഭാഷയില്‍, പ്രായം കുറഞ്ഞവരോ തുല്യരോ ആയവരോട് ‘നീ’ എന്ന് പറയാന്‍ ‘തു’ ഉപയോഗിക്കുന്നു. മുതിര്‍ന്നവരോടോ മുതിര്‍ന്നവരോടോ ‘നിങ്ങള്‍’ എന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ പറയുന്നത് ‘തമേ’ എന്നാണ്. കുട്ടിക്കാലത്ത് അമ്മ എന്നെ എപ്പോഴും ‘തു’ എന്ന് വിളിക്കുമായിരുന്നു. എന്നിരുന്നാലും, ഒരിക്കല്‍ ഞാന്‍ വീടുവിട്ടിറങ്ങി ഒരു പുതിയ പാതയില്‍ ഇറങ്ങിയപ്പോള്‍ അമ്മ ‘തു’ ഉപയോഗിക്കുന്നത് നിര്‍ത്തി. അന്നുമുതല്‍, അമ്മ എന്നെ എപ്പോഴും ‘തുമേ’ അല്ലെങ്കില്‍ ‘ആപ്’ എന്ന് അഭിസംബോധന ചെയ്തു.

ശക്തമായ ദൃഢനിശ്ചയവും ഗരീബ് കല്യാണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അമ്മ എപ്പോഴും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിച്ചപ്പോള്‍ ഞാന്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അവിടെ ഇറങ്ങിയ ഉടനെ ഞാന്‍ നേരെ അമ്മയെ കാണാന്‍ പോയി. അവര്‍ അങ്ങേയറ്റം ആഹ്ലാദഭരിതയായിരുന്നു, ഞാന്‍ വീണ്ടും അവരോടൊപ്പം താമസിക്കാന്‍ പോകുകയാണോ എന്ന് അന്വേഷിച്ചു. പക്ഷേ അവര്‍ക്ക് എന്റെ ഉത്തരം അറിയാമായിരുന്നു! അപ്പോള്‍ എന്നോട് പറഞ്ഞു, ‘ഗവണ്‍മെന്റിലെ നിങ്ങളുടെ ജോലി എനിക്ക് മനസ്സിലാകില്ല, പക്ഷേ നിങ്ങള്‍ ഒരിക്കലും കൈക്കൂലി വാങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’

ഡല്‍ഹിയിലേക്ക് മാറിയതിന് ശേഷം അവരുമായുള്ള എന്റെ കൂടിക്കാഴ്ചകള്‍ മുമ്പത്തേക്കാള്‍ കുറവാണ്. ചിലപ്പോള്‍ ഞാന്‍ ഗാന്ധിനഗര്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ അവരെ കുറച്ചുനേരം വിളിക്കും. പണ്ടത്തെ പോലെ പലപ്പോഴും അവരെ കാണാന്‍ പറ്റാറില്ല. എന്നിരുന്നാലും, എന്റെ അഭാവത്തില്‍ അമ്മയില്‍ നിന്ന് എനിക്ക് ഒരിക്കലും അതൃപ്തി തോന്നിയിട്ടില്ല. അവരുടെ സ്‌നേഹവും വാത്സല്യവും അതേപടി നിലനില്‍ക്കുന്നു; അമ്മയുടെ അനുഗ്രഹങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. അമ്മ എന്നോട് ഇടയ്ക്കിടെ ചോദിക്കാറുണ്ട് ”ഡല്‍ഹിയില്‍ നിനക്ക് സന്തോഷമുണ്ടോ? നിങ്ങള്‍ക്ക് ഇത് ഇഷ്ടമായോ?’

ഞാന്‍ അവരെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും വലിയ ഉത്തരവാദിത്തങ്ങളിലെ ശ്രദ്ധ നഷ്ടപ്പെടുത്തരുതെന്നും എന്നില്‍ നിന്ന് ഉറപ്പു വാങ്ങുന്നു. ഞാന്‍ അവരോട് ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം അവര്‍ പറയും ‘ഒരിക്കലും ആരുമായും തെറ്റോ ചീത്തയോ ചെയ്യരുത്, പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക.’

ഞാന്‍ എന്റെ മാതാപിതാക്കളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍, അവരുടെ സത്യസന്ധതയും ആത്മാഭിമാനവുമാണ് അവരുടെ ഏറ്റവും വലിയ ഗുണങ്ങള്‍. ദാരിദ്ര്യത്തോടും അതിനോടൊപ്പമുള്ള വെല്ലുവിളികളോടും മല്ലിട്ടിട്ടും, എന്റെ മാതാപിതാക്കള്‍ ഒരിക്കലും സത്യസന്ധതയുടെ പാത ഉപേക്ഷിക്കുകയോ അവരുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തില്ല. ഏത് വെല്ലുവിളിയും തരണം ചെയ്യാന്‍ അവര്‍ക്ക് ഒരേയൊരു മന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ – കഠിനാധ്വാനം, നിരന്തരമായ കഠിനാധ്വാനം!

ജീവിതത്തില്‍ അച്ഛന്‍ ആര്‍ക്കും ഒരു ഭാരമായിരുന്നില്ല. അമ്മയും അത് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു – കഴിയുന്നത്ര അവള്‍ സ്വന്തം ജോലികള്‍ ചെയ്യുന്നു.

ഇന്ന്, ഞാന്‍ അമ്മയെ കാണുമ്പോഴെല്ലാം, എപ്പോഴും എന്നോട് പറയാറുണ്ട്, ‘എനിക്ക് ആരുടെയും സേവനം ആവശ്യമില്ല, എന്റെ എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.’

എന്റെ അമ്മയുടെ ജീവിതകഥയില്‍, ഭാരതത്തിന്റെ മാതൃശക്തിയുടെ തപസ്സും ത്യാഗവും സംഭാവനയും ഞാന്‍ കാണുന്നു. അമ്മയെയും അവരെപ്പോലുള്ള കോടിക്കണക്കിന് സ്ത്രീകളെയും നോക്കുമ്പോഴെല്ലാം, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായതായി ഒന്നുമില്ലെന്ന് ഞാന്‍ കണ്ടെത്തുന്നു.

ഇല്ലായ്മയുടെ എല്ലാ കഥകള്‍ക്കും അപ്പുറമാണ്, അമ്മയുടെ മഹത്തായ കഥ,

എല്ലാ സമരങ്ങളേക്കാളും മുകളിലാണ് അമ്മയുടെ ശക്തമായ ദൃഢനിശ്ചയം.

അമ്മേ, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.

നിങ്ങളുടെ ജന്മശതാബ്ദി വര്‍ഷം ആരംഭിക്കുമ്പോള്‍ ആശംസകള്‍.

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പരസ്യമായി എഴുതാനുള്ള ധൈര്യം എനിക്കിതുവരെ ഉണ്ടായിട്ടില്ല.

നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും, ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കുമായി ഞാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.

ഞാന്‍ അവിടുത്തെ പാദങ്ങളില്‍ വണങ്ങുന്നു.

Tags: Heeraben Modi
Share20TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies