ന്യൂഡെല്‍ഹി: ഋഷഭ് പന്ത് ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് സമയോചിത ഇടപെടലിലൂടെ കത്തിത്തുടങ്ങിയ കാറില്‍ നിന്നും പന്തിനെ രക്ഷിച്ച് വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച ബസ് ഡ്രൈവര്‍ സുശീല്‍ മന്‍. ഹരിയാന റോഡ്‌വെയ്‌സില്‍ ഡ്രൈവറായ സുശീലും സഹപ്രവര്‍ത്തകനും ഇവരുടെ വിളി കേട്ട് ഓടിക്കൂടിയവരും ചേര്‍ന്നാണ് പന്തിനെ വേഗത്തില്‍ കാറില്‍ നിന്നും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അമിതവേഗതയിലായിരുന്നു പന്ത് ഓടിച്ചിരുന്ന മേഴ്‌സിഡസ് എസ്‌യുവി വന്നിരുന്നതെന്ന് സുശീല്‍ പറഞ്ഞു. എതിര്‍വശത്ത് നിന്നും അതിവേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതുകണ്ട് ബസ് ഒരു വശത്ത് നിര്‍ത്തി സുശീല്‍ ഡിവൈഡറിനടുത്തേക്ക് ഓടി. ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുന്നതിന് മുമ്പ് പലതവണ മറിഞ്ഞ് മറുവശത്ത് എത്തിയ കാര്‍ ബസിനടിയിലേക്ക് പോകുമെന്നാണ് താന്‍ കരുതിയതെന്ന് സുശീല്‍ പറഞ്ഞു. വിന്‍ഡോയിലൂടെ പകുതി പുറത്ത് വന്ന അവസ്ഥയിലായിരുന്നു ഡ്രൈവര്‍ (പന്ത്). താനൊരു ക്രിക്കറ്റ് കളിക്കാരനാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് തനിക്ക് മനസിലായതെന്നും അമ്മയെ വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും അപകടത്തിന് ശേഷം മാധ്യമങ്ങളോട് സുശീല്‍ പറഞ്ഞു.
്ക്രിക്കറ്റ് കാണാത്തത് കൊണ്ട് തനിക്ക് അദ്ദേഹത്തെ മനസിലായില്ല. പക്ഷേ ബസിലുള്ള മറ്റുള്ളവര്‍ക്ക് അറിയാമായിരുന്നു സുശീല്‍ കൂട്ടിച്ചേര്‍ത്തു. പന്തിനെ പുറത്തെത്തിച്ച് കാറില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാണ് വേഗത്തില്‍ ആംബുലന്‍സ് വിളിച്ച് പന്തിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സുശീല്‍ പറഞ്ഞു.
വണ്ടി ഓടിക്കുന്നതിനിടയില്‍ മയങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. റൂര്‍ക്കിയിലെ ജന്മനാട്ടിലേക്ക് പോകുകയായിരുന്നു ഋഷഭ്. അതിവേഗത്തില്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞതിന്റെ ആഘാതത്തില്‍ വണ്ടി പൂര്‍ണ്ണമായും കത്തിനശിച്ചു. അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള പന്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post