തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കോട്ടയം ജില്ലയിലെ എരുമേലി, സൗത്ത് മണിമല വില്ലേജുകളില്‍ നിന്നായി 2570 ഏക്കറാണ് ഏറ്റെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
3500 മീറ്റര്‍ നീളമുള്ള റണ്‍വേ അടക്കമുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി സാമൂഹിക ആഘാത പഠനം നടത്തും. പരിസ്ഥിതി ലോല മേഖലയായ മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുക. എന്നാല്‍ ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോഴും പാല കോടതിയുടെ പരിഗണനയിലാണ്. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണില്‍ ആയിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള പരിശോധനകള്‍ രണ്ട് വര്‍ഷം മുമ്പു തന്നെ തുടങ്ങി.
ശബരിമല തീര്‍ത്ഥാടനം അടക്കമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സാധ്യത നല്‍കുന്ന ഒന്നായാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപ വിമാനത്താവളത്തിനായി നീക്കി വെച്ചിരുന്നു. അമേരിക്കയിലെ ലൂയിസ് ബെര്‍ജറാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. സാങ്കേതിക-സാമ്പത്തിക ആഘാത പഠനം നടത്തുന്നതിനായി ഓഗസ്റ്റ് വരെ കമ്പനിക്ക് സമയം നല്‍കിയിട്ടുണ്ട്.
Discussion about this post