ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യർക്ക് ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമാകും എന്ന് ഉറപ്പായി. പരിക്ക് ഭേദമായി ബാറ്റിംഗ് പരിശീലനം ആരംഭിച്ചെങ്കിലും, ശരീരഭാരം ക്രമാതീതമായി കുറഞ്ഞത് താരത്തിന്റെ ഫിറ്റ്‌നസിനെ ബാധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമവേളയിൽ ശ്രേയസിന് ഏകദേശം 6 കിലോയോളം ഭാരം കുറഞ്ഞു. ഇത് താരത്തിന്റെ പേശീബലത്തെയും സ്റ്റാമിനയെയും കാര്യമായി ബാധിച്ചു. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശോധനയിൽ അദ്ദേഹം പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ബാറ്റിംഗിൽ കുഴപ്പങ്ങൾ ഇല്ലെങ്കിലും, 50 ഓവർ മത്സരങ്ങളിൽ ഫീൽഡ് ചെയ്യാനുള്ള കരുത്ത് നിലവിൽ അദ്ദേഹത്തിനില്ല.
ദേശീയ ടീമിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി കളിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ അതിൽ നിന്നും അദ്ദേഹം പിന്മാറി. കഴിഞ്ഞ ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ഡൈവിംഗ് ക്യാച്ചിന് ശ്രമിക്കവെയാണ് ശ്രേയസിന്റെ വാരിയെല്ലിന് പരിക്കേറ്റതും തുടർന്ന് താരം മൈതാനം വിട്ടതും. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് താരത്തെ അന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്രേയസിന്റെ അഭാവത്തിൽ ഋതുരാജ് ഗെയ്‌ക്‌വാദ് നാലാം നമ്പറിൽ തുടരാനാണ് സാധ്യത.













Discussion about this post