ലഖ്‌നൗ : അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ‘പ്രാണ പ്രതിഷ്ഠ ദ്വാദശി’ (സമർപ്പണ വാർഷികം) ആഘോഷങ്ങൾക്ക് തുടക്കമായി. ഇതേ ദിനത്തിലായിരുന്നു രാമ ജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ രണ്ടാം വാർഷികമാണ് ഇന്ന്. പ്രതിഷ്ഠാ ദ്വാദശി പ്രമാണിച്ച് ബുധനാഴ്ച രാം ലല്ലയുടെ വിഗ്രഹത്തിൽ ‘വിശേഷാഭിഷേകം’ നടന്നു. ഇന്ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.
ഈ വിശേഷ ദിനത്തിൽ രാമക്ഷേത്രത്തിൽ പരമ്പരാഗത ആചാരങ്ങളായ യജ്ഞം, ഹവനം, പൂജ എന്നിവ നടക്കും. പ്രതിരോധ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം, സന്യാസിമാർ, മതനേതാക്കൾ, നിരവധി ഭക്തർ എന്നിവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. പ്രതിരോധ മന്ത്രി രാവിലെ 11:00 മണിക്ക് അയോധ്യയിലെത്തുകയും ഏകദേശം നാല് മണിക്കൂർ ക്ഷേത്ര ആചാരങ്ങളിൽ പങ്കെടുക്കുകയും ചെയ്യും എന്നാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്. ചടങ്ങിൽ പങ്കെടുത്ത ശേഷം, അംഗദ് തില സമുച്ചയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
പ്രതിഷ്ഠാ ദ്വാദശിയോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഭക്തരുടെ സൗകര്യാർത്ഥം ദർശനത്തിനും ഗതാഗതത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാം ലല്ലയ്ക്ക് വിശിഷ്ട അഭിഷേകത്തിന് ശേഷം പ്രകാശോത്സവ ആരതിയും നടത്തുന്നതായിരിക്കും. അയോധ്യയിൽ നിന്നുള്ള ഏകദേശം 1,200 സന്യാസിമാർ ചടങ്ങിൽ പങ്കെടുക്കും.










Discussion about this post