കേരളത്തിന്റെ മണ്ണിലിരുന്ന് സോഷ്യൽ മീഡിയ വഴി മതവിദ്വേഷം പടർത്താൻ ശ്രമിച്ച അസം സ്വദേശി പിടിയിൽ. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ വലയിലായത്. കയ്പമംഗലം കേന്ദ്രീകരിച്ച് അതിഥിത്തൊഴിലാളികൾക്കിടയിൽ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺവഴിയും പാകിസ്താനിലുള്ള ചില വ്യക്തികളുമായി ഫെയ്സ്‌ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാകിസ്താനിൽനിന്ന് മാരകപ്രഹരശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങാൻ ശ്രമങ്ങൾ നടത്തിയതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സോഷ്യൽ മീഡിയയിലെ ഇയാളുടെ നീക്കങ്ങൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ ഇയാൾ നിരന്തരമായി പ്രചരിപ്പിച്ചു പോന്നിരുന്നതായി പോലീസ് കണ്ടെത്തി.
“സോഷ്യൽ മീഡിയയിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണ്. മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർ ഏത് നാട്ടുകാരായാലും കർശന നിയമനടപടി നേരിടേണ്ടി വരും.” – അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിക്ക് ഏതെങ്കിലും തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്













Discussion about this post