പുൽവാമ; സിആർപിഎഫ് സൈനികനിൽ നിന്ന് എകെ 47 തോക്ക് തട്ടിയെടുത്ത് രക്ഷപെട്ട തീവ്രവാദിയെ മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടി കശ്മീർ പോലീസ്. 25 കാരനായ ഇർഫാൻ ബഷീർ ഗാനിയാണ് സൈനികനിൽ നിന്ന് തോക്ക് തട്ടിയെടുത്തത്. ഇർഫാന്റെ കുടുംബമാണ് ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
ഇയാൾ പിടിയിലായതായും തോക്ക് കണ്ടെടുത്തതായും പോലീസ് എഡിജിപി വിജയ് കുമാർ പറഞ്ഞു. ഇർഫാനെ പിടികൂടാൻ കുടുംബം വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. സംഭവത്തിൽ ഇർഫാനെതിരെയുളള അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പുൽവാമയിലായിരുന്നു സംഭവം. രാജ്‌പോരയുടെ താഴ് വാരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് സൈനികന്റെ തോക്ക് ആണ് ഇയാൾ തട്ടിയെടുത്ത് രക്ഷപെട്ടത്. തോക്ക് തട്ടിയെടുത്ത ശേഷം ഇയാൾ ഓടിപ്പോകുകയായിരുന്നു. സംഭവം സൈനികൻ റിപ്പോർട്ട് ചെയ്തതോടെ പ്രദേശം വളഞ്ഞ് ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഇതിനിടയിലാണ് ഇർഫാൻ ബഷീർ ഗാനി എന്ന യുവാവാണ് തോക്ക് തട്ടിയെടുത്ത് രക്ഷപെട്ടതെന്ന് മനസിലായത്. തുടർന്ന് ഇയാളുടെ കുടുംബത്തെ പോലീസ് ബന്ധപ്പെടുകയായിരുന്നു. ഇവരുടെ സഹായത്തോടെ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ പിടികൂടിയത്.
ഇർഫാന്റെ തീവ്രവാദ ബന്ധം ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. ഇയാൾക്കൊപ്പം ഉളളവരെയും കണ്ടെത്താനുളള ശ്രമവും നടത്തുന്നുണ്ട്. എന്തിന് വേണ്ടിയാണ് ഇയാൾ ആയുധം കൈവശപ്പെടുത്തിയതെന്നും അന്വേഷിക്കും.
Discussion about this post