ന്യൂഡൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സ്വവർഗവിവാഹങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നാല് സ്വവർഗാനുരാഗികളായ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്‌കരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സ്വവർഗ വിവാഹത്തിന് അനുമതി തേടിയുള്ള ഡൽഹി, കേരള ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജികളും ഇന്ന് പരിഗണിയ്ക്കും
2018 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ സ്വവർഗാനുരാഗ നിരോധനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ സ്വവർഗരതി നിയമവിധേയമായി. എന്നാൽ സ്വവർഗരതി കുറ്റകരമല്ലാതായിട്ടും ഇന്ത്യയിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ (LGBT) കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നേരിടുന്ന വിവേചനവും ആണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
2018 ലെ വിധി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ,സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ പിന്തുണ തങ്ങൾക്ക് ഇപ്പോഴും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. വിവാഹിതരായതിന് നിയമപരമായ അംഗീകാരമില്ലാത്തതിനാൽ, മെഡിക്കൽ, പെൻഷനുകൾ, ദത്തെടുക്കൽ പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ പറയുന്നു.
Discussion about this post