എറണാകുളം: പ്രശസ്ത കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനിൽ ബാബു,
കാലിലെ നീരിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് സുനിൽ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ വൈകീട്ടോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലും അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം വാരിസ് ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ. അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാസംവിധാനം സുനിൽ ബാബുവിനെ സംസ്ഥാന ചലച്ചിത്ര അവാർഡിനും അർഹനാക്കി. എംഎസ് ധോണി, ഗജിനി എന്നിവയാണ് സുനിൽ ബാബുവിന്റെ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങൾ. ഒരു ഹോളിവുഡ് സിനിമയ്ക്കും കലാസംവിധാനം നിർവ്വഹിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
മൈസൂരു ആർട്‌സ് ജോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. കലാസംവിധായകൻ സാബു സിറിലിന്റെ സഹായിയായിരുന്നു. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.












